Connect with us

തലൈവർക്ക് ഇന്ന് പിറന്നാൾ.. ആഘോഷമാക്കി ആരാധകർ.. അത് ദൈവത്തിന്റെ മുന്നറിയിപ്പായിരുന്നുവെന്ന് രജനീകാന്ത്, ആ പ്രഖ്യാപനം ഉടൻ?

Tamil

തലൈവർക്ക് ഇന്ന് പിറന്നാൾ.. ആഘോഷമാക്കി ആരാധകർ.. അത് ദൈവത്തിന്റെ മുന്നറിയിപ്പായിരുന്നുവെന്ന് രജനീകാന്ത്, ആ പ്രഖ്യാപനം ഉടൻ?

തലൈവർക്ക് ഇന്ന് പിറന്നാൾ.. ആഘോഷമാക്കി ആരാധകർ.. അത് ദൈവത്തിന്റെ മുന്നറിയിപ്പായിരുന്നുവെന്ന് രജനീകാന്ത്, ആ പ്രഖ്യാപനം ഉടൻ?

തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഉണ്ടാവില്ല. തമിഴകത്തിന്‍റെ സ്റ്റൈല്‍ മന്നൻ രജനീകാന്ത് ആരാധകര്‍ക്ക് എന്നും ആവേശമാണ്. രജനീകാന്ത് വെറുമൊരു താരമല്ല തമിഴകത്തിന്‍റെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഒരു ദൈവത്തെപ്പോലെയാണ്.

എന്തുതരം പ്രമേയമുള്ള സിനിമയാണെങ്കിലും രജനീകാന്തിനാവണം വിജയം എന്നത് അദ്ദേഹത്തിന്‍റെ സുവര്‍ണ കാലത്ത് ആരാധകരുടെ അലിഖിത നിയമമായിരുന്നു. കഥ എന്തായാലും സിനിമയില്‍ രജനീകാന്ത് നിറഞ്ഞുനില്‍ക്കണമെന്നും ഏറ്റവും പ്രാധാന്യത്തിലുള്ള വേഷത്തിലാകണമെന്നും ആരാധകര്‍ ആഗ്രഹിച്ചിരുന്നു.

തമിഴകത്തിന്റെ പ്രിയപ്പെട്ട ‘തലൈവന്‍’ രജനീകാന്തിന്റെ ജന്മദിനമാണ് ഇന്ന്. തൻ്റെ എഴുപത്തിയൊന്നാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. പ്രിയ നായകന്‍റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. നിരവധി പേരാണ് രജനികാന്തിന് ആശംസകളറിയിച്ച് രംഗത്തെത്തുന്നത്.

കര്‍ണ്ണാടക- തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്‍റെ പരമ്പരയിലാണ് രജനിയുടെ ജനനം. പിന്നീട് ഇവർ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സിനിമയോടും അഭിനയത്തോടും ചെറുപ്പം മുതലുള്ള അടങ്ങാത്ത അഭിനിവേശമാണ് രജനിയിലെ നടന്‍ കൈമുതലാക്കിയത്.

കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ഓഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനിയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം. കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലാണ് സിനിമാസ്വാദകര്‍ രജനിയെ കണ്ടത്. എന്നാൽ 1980കളില്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള രജനിയുടെ വളര്‍ച്ചയ്ക്കും കോളിവുഡ് സാക്ഷ്യം വഹിച്ചു. ബാലചന്ദര്‍ തന്നെ നിര്‍മ്മിച്ച നെട്രികണ്‍ എന്ന സിനിമയായിരുന്നു രജനിക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. ശിവാജി റാവു ഗെയ്‍ക്വാഡ് എന്ന പേര് മാറ്റി രജനീകാന്ത് എന്ന് വിളിച്ചതും ബാലചന്ദര്‍ ആയിരുന്നു.

എണ്‍പതുകള്‍ രജനിയിലെ താരത്തിന്‍റെ കുത്തനെയുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെങ്കില്‍ തൊണ്ണൂറുകളുടെ തമിഴ് തിരശ്ശീല ആ സൂപ്പര്‍സ്റ്റാറിന്‍റെ ആഘോഷമായിരുന്നു. രജനിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദളപതി, മന്നന്‍, പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരുണാചലം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയത് ഇക്കാലയളവിലാണ്. 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്നം ചിത്രം മമ്മൂട്ടി, അരവിന്ദ് സ്വാമി, ശോഭന തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മന്നനും ബാഷയും പടയപ്പയുമെല്ലാം സിനിമാക്കൊട്ടകകളില്‍ ഉത്സവാന്തരീക്ഷം തന്നെ സൃഷ്‍ടിച്ചു. രജനി എന്ന പേരിന് എതിരില്ലാത്ത നിലയിലേക്ക് എത്തി ചലച്ചിത്ര വ്യവസായം. തന്‍റെ അഭിനയ മികവ് തമിഴിൽ മാത്രം ഒതുക്കിയില്ല രജനി. തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും രജനി അഭിനയിച്ചു. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐവി ശശി ചിത്രത്തിൽ കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലന്‍ വേഷത്തിലാണ് രജനി എത്തിയത്. ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ രജനി അഭിനയിച്ചിരുന്നു.

ആരാധകർ ക്രിയേറ്റീവ് പോസ്റ്ററുകളുടെയും വീഡിയോകളുടെയും രൂപത്തിലാണ് പ്രിയതാരത്തിന് ജന്മദിനാശംസകൾ ട്വിറ്ററിലൂടെ പങ്കിടുന്നത്. ആരാധകർ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചും അദ്ദേഹത്തിന്റെ പഴയ സിനിമകൾ പ്രദർശിപ്പിച്ചുമൊക്കെയാണ് ആഘോഷിക്കുന്നത്. നടന്റെ ആരാധകർ ദിവസം മുഴുവൻ സംസ്ഥാനത്തുടനീളം നിരവധി ക്ഷേമപ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ വരാനിരിക്കുന്ന ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാസം താരത്തിന് ആരോഗ്യനില മോശമായിരുന്നു, ഇപ്പോൾ കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ ശസ്ത്രക്രിയയ്ക്ക് ശേഷം താരം വിശ്രമത്തിലാണ്. താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് രജനീകാന്ത് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

സംവിധായകൻ സിരുത്തൈ ശിവ സംവിധാനം ചെയ്ത അന്നാത്തേയാണ് രജനികാന്ത് അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഇത് ദീപാവലി ദിനത്തിൽ നവംബർ 4 നാണ് തിയേറ്ററുകളിൽ എത്തിയത്. കാർത്തിക് സുബ്ബരാജ്, ദേസിംഗ് പെരിയസാമി, സിരുത്തൈ ശിവ എന്നിവരുൾപ്പെടെ നിരവധി പ്രഗത്ഭരായ സംവിധായകരുമായി താരം ഇപ്പോൾ തൻ്റെ അടുത്ത സിനിമയുടെ ചർച്ചയിലാണ്. ഉടൻ തന്നെ രജനികാന്ത് തന്റെ വരാനിരിക്കുന്ന ചിത്രം പ്രഖ്യാപിക്കുമെന്നാണ് വിവരം. അതിനായി കാത്തിരിക്കുകയാണ് ആരാധക വൃന്ദവും

മുൻപ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ രജിനികാന്ത് ഒരുങ്ങിയിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു. താൻ രാഷ്ട്രീയ പാർട്ടി തുടങ്ങുന്നില്ലെന്നും അടുത്തിടെ ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ ദൈവത്തിന്റെ മുന്നറിയിപ്പാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ഒരു വർഷം മുൻപ് സൂപ്പർസ്റ്റാർ രജനീകാന്ത് തൻ്റെ പുതിയ ഉദ്യമനത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. അതിനു ശേഷം രജനികാന്തിൻ്റേതായി പ്രേക്ഷകരിലേക്കെത്തിയ സിനിമ കൂടിയായിരുന്നു അണ്ണാത്തേ. ഈ സിനിമ ബോക്സോഫീസിൽ വലിയ ഹിറ്റ് സമ്മാനിക്കുകയും മുടക്കുമുതൽ തിരികെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

2000ത്തില്‍ പത്മഭൂഷണും, 2016ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം രജനിയെ ആദരിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനീകാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ വർഷത്തെ ദാദാസാഹേബ് ഫൽക്കെ പുരസ്കാരവും രജനിയെ തേടിയെത്തിയിരുന്നു.

More in Tamil

Trending

Recent

To Top