News
ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; നടന്‍ വിജയ് ആന്റണിയ്ക്ക് പരിക്ക്
ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; നടന്‍ വിജയ് ആന്റണിയ്ക്ക് പരിക്ക്
നടനായും ഗായകനായും സംഗീത സംവിധായകനായും നിരവധി ആരാധകരുള്ള താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പിച്ചൈക്കാരന്‍ 2 വിന്റെ ഷൂട്ടിങ്ങിനിടെ നടന് പരിക്ക് സംഭവിച്ചിരിക്കുകയാണ്. മലേഷ്യയില്‍ വെച്ച് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വിജയ് ആന്റണി സുഖം പ്രാപിച്ച് വരികയാണെന്ന് തമിഴ് സംവിധായകന്‍ സി.എസ്. അമുദനും നിര്‍മാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു.
മലേഷ്യയിലെ ലങ്കാവി ദ്വീപില്‍ ബോട്ടില്‍ വെച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കവേയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോട്ട് നിയന്ത്രണംവിട്ട് ക്യാമറാസംഘമുണ്ടായിരുന്ന വലിയ ബോട്ടില്‍ ഇടിക്കുകയായിരുന്നെന്ന് അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അദ്ദേഹത്തെ ക്വലാലംപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരന്‍ 2. അദ്ദേഹത്തിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാം ഭാഗമാണിത്. ശശിയാണ് ആദ്യഭാഗം സംവിധാനം ചെയ്തത്.
മരണക്കിടക്കയിലുള്ള അമ്മയുടെ ആഗ്രഹപ്രകാരം കോടീശ്വരനായ നായകന്‍ 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സംവിധാനത്തിനൊപ്പം വിജയ് തന്നെയാണ് പിച്ചൈക്കാരന്‍ 2 ന്റെ സംഗീതസംവിധാനവും നിര്‍മാണവും.
ജോണ്‍ വിജയ്, ഹരീഷ് പേരടി, വൈ.ജി. മഹേന്ദ്രന്‍, അജയ് ഘോഷ്, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. തമിളരസന്‍, അഗ്‌നി സിറകുകള്‍, കാക്കി, കൊലൈ, രത്‌നം, മഴൈ പിടിക്കാത മനിതന്‍ എന്നിവയാണ് വിജയ് ആന്റണിയുടെതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.
