Malayalam
തമിഴ് സിനിമയിലെ ഹാസ്യതാരം തവസി അന്തരിച്ചു!
തമിഴ് സിനിമയിലെ ഹാസ്യതാരം തവസി അന്തരിച്ചു!
തമിഴ്സിനിമയിലെ ഹാസ്യതാരമായിരുന്ന തവസി (60) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. തമിഴ് സിനിമയില്‍ ഹാസ്യം,നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ഏറെ ജനശ്രദ്ധനേടിയ നടനായിരുന്നു തവസി.
ചികിത്സാ സഹായം ആവശ്യപ്പെട്ട് തവസി പങ്കുവച്ച വീഡിയോ നേരത്തെ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. തവസിയുടെ ദയനീയസ്ഥിതി കണ്ട തിരുപ്പറന്‍കുന്‍ട്രം എംഎല്‍എയും, തവസി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണന്‍ അദ്ദേഹത്തിന്‍റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ നടന്‍ രജനീകാന്തും ശിവകാര്‍ത്തിയേകനും ചികിത്സയ്ക്ക് ആവശ്യമായ സഹായം നല്‍കി.
”കിഴക്കുചീമയിലൈ മുതല്‍ രജനീകാന്തിന്‍റെ അണ്ണാത്തെ എന്ന സിനിമയില്‍ വരെ 30 വര്‍ഷക്കാലമായി നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഒരിക്കലും ഇങ്ങനെ ഒരു അസുഖം എനിക്ക് വരുമെന്നോ ആരോഗ്യസ്ഥിതി ഇത്രയ്ക്ക് മോശമാകുമെന്നോ ഞാന്‍ കരുതിയതേയില്ല. ഇപ്പോള്‍ എനിക്ക് നന്നായി സംസാരിക്കാന്‍ പോലുമാകുന്നില്ല. എന്‍റെ കൂടെ അഭിനയിച്ചിരുന്ന അഭിനേതാക്കളോടാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. എന്നെ സഹായിക്കണം. എനിക്കിനിയും അഭിനയിക്കണം” ചികിത്സാ സഹായം ആവശ്യപ്പെട്ട് തവസി വീഡിയോയില്‍ പറഞ്ഞിരുന്നു.
about tamil movie actor