Malayalam
പ്രധാന ഹോബി പാമ്പുപിടിത്തം; വാനമ്പാടിയിലെ മോഹൻ കുമാറിന്റെ യഥാർത്ഥ ജീവിതം!
പ്രധാന ഹോബി പാമ്പുപിടിത്തം; വാനമ്പാടിയിലെ മോഹൻ കുമാറിന്റെ യഥാർത്ഥ ജീവിതം!
വാനമ്പാടി സീരിയലിലെ മോഹൻ കുമാറിനെ ആരാധകർ മറക്കാൻ ഇടയില്ല. മോഹൻ കുമാറിനെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ സായ് കിരൺ ആണ്. തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ്കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. അതേസമയം മറ്റ് നടൻമാർക്കൊന്നുമില്ലാത്ത ഞെട്ടിക്കുന്ന ഒരു ഹോബി കൂടി സായ് കിരണിന് ഉണ്ട്.
പാമ്പുകളെ ഏറെ ഇഷ്ടമായ താരം പലയിടത്തും പാമ്പ് പിടിക്കാൻ പോകാറുണ്ട്. പാമ്പുകളെ സഹായിക്കലും രക്ഷിക്കലും താരത്തിന് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ശിവഭക്തനായ സായി കിരണിന് മൃഗങ്ങളോാടും പക്ഷികളോടും ചെറുപ്പം മുതലേ വലിയ സ്നേഹമുണ്ടായിരുന്നു. കോളേജിൽ എത്തിയപ്പോൾ ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റിയിൽ ചേർന്ന് സ്നേയ്ക്ക് റെസ്‌ക്യൂ പഠിച്ചു. രണ്ട് വർഷം കൊണ്ടു പലതരം പാമ്പുകളെയും അവയെ സംരക്ഷിക്കേണ്ട രീതിയെക്കുറിച്ചും പഠിച്ചു. തെലുങ്കിലെ സൂപ്പർതാര നാഗാർജ്ജുനയുടെ വീട്ടിലും പോയി പാമ്പിനെ പിടിച്ചിട്ടുണ്ട് താരം. എന്തായാലും വാനമ്പാടിയിലൂടെ ഈ തെലുങ്ക് നടൻ മലയാളി മനസ് കീഴടക്കിക്കഴിഞ്ഞു.
സംഗീതകുടുംബത്തിൽ നിന്നുമാണ് അഭിനയ രംഗത്തേക്ക് സായ്കിരൺ എത്തിയത്. ഗായിക പി സുശീലയുടെ കൊച്ചുമകനായ സായ്കിരണിന്റെ അച്ഛനും പ്രമുഖ പാട്ടുകാരനാണ്. പി. സുശീലയുടെ സഹോദരിയുടെ മകനാണ് സായ്കിരണിന്റെ അച്ഛൻ രാമകൃഷ്ണ വിസ്സംരാജു. ഇദ്ദേഹവും ഭാര്യയും ഉൾപെടെ കുടുംബത്തിലെ എല്ലാവരും ഗായകർ ആണെങ്കിലും സായ്കിരണിന് അഭിനയത്തോടായിരുന്നു കൂടുതൽ ഇഷ്ടം.അതിനാൽ തന്നെയാണ് വാനമ്പാടിയിലെ പാട്ടുകാരൻ കൂടിയായ മോഹൻകുമാറിനെ അനായാസേന അവതരിപ്പിക്കാനും സായ്കിരണിന് കഴിഞ്ഞത്.
തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെയും സായ്കിരൺ തന്നെയാണ് അവതരിപ്പിച്ചത്. ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായ്കിരൺ എത്താൻ കാരണം. 35ഓളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സായ്കിരൺ ഭക്ത സീരിയലുകളിൽ കൃഷ്ണനും വിഷ്ണുവുമായി എല്ലാം തിളങ്ങിയിട്ടുണ്ട്. വിവാഹമോചിതൻ കൂടിയാണ് സായ്കിരൺ. 2010ൽ വൈഷ്ണവിയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം വേർപിരിഞ്ഞ് ഇപ്പോൾ സായ്കിരൺ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്.
ABOUT SAI KIRAN