Connect with us

നിവിനേ നീ പൊളിയാണ് ട്ടോ…… 2019-ല്‍ തിളങ്ങി നിവിന്‍ പോളി…

Malayalam

നിവിനേ നീ പൊളിയാണ് ട്ടോ…… 2019-ല്‍ തിളങ്ങി നിവിന്‍ പോളി…

നിവിനേ നീ പൊളിയാണ് ട്ടോ…… 2019-ല്‍ തിളങ്ങി നിവിന്‍ പോളി…

യുവാക്കളുടെ ഹരമാണ് നിവിന്‍പോളി. പ്രേമം എന്ന ഒരൊറ്റ ചിത്രം മാത്രം മതി നിവിനെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കാന്‍. 2019 നിവിനെ സംബന്ധിച്ച് വളരെ നല്ല വര്‍ഷമാണെന്നതില്‍ സംശയമില്ല. കാരണം കരിയറില്‍ ഇന്നേ വരെ കാണാത്ത മിന്നും പ്രകടനമാണ് നിവിന്‍ ഈ വര്‍ഷം കാഴ്ച വെച്ചത്. നിവിന്‍ എന്ന കലാകാരനെ കാമുകനില്‍ നിന്നും ഒരു സാധാണക്കാരില്‍ നിന്നും ഉയര്‍ത്തിയ ആ ചിത്രങ്ങള്‍ ഏതെക്കെയെന്ന് നമുക്കൊന്ന് നോക്കാം….
ഈ വര്‍ഷം നിവിന്‍ പോളിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് മിഖായേല്‍. ഹിറ്റ് മേക്കര്‍ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ മിഖായേല്‍ കൂടപ്പിറപ്പിനോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും കഥ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ പറയുകയാണ്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. ജോണ്‍ മിഖായേല്‍ എന്ന കഥാപാത്രത്തെയാണ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന മിഖായേലില്‍ നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. മഞ്ജിമ മോഹന്‍ നായികയായ ചിത്രത്തില്‍ സിദ്ധിഖ്, സുദേവ് നായര്‍, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കര്‍, കെ പി എ സി ലളിത തുടങ്ങിയവരും അണിനിരന്നിട്ടുണ്ട്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു പണിക്കര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. മിഖായേലിന്റെ ഹിന്ദി ഡബ്ബ് വേര്‍ഷന്‍ 15 മില്യണിലേറെ വ്യൂസ് നേടി യൂട്യൂബില്‍ സൂപ്പര്‍ഹിറ്റാണ്.
ഓണം റിലീസായി തീയറ്ററുകളില്‍ എത്തിയ ലൗ ആക്ഷന്‍ ഡ്രാമയാണ് ഈ വര്‍ഷം നിവിന്‍ പോളിയുടേതായി തീയറ്ററുകളില്‍ എത്തിയ രണ്ടാമത്തെ ചിത്രം. ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധായകനായ ഈ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലേക്ക് ശക്തമായൊരു തിരിച്ചു വരവും നടത്തി.

ഒരു ഇടവേളക്ക് ശേഷം നിവിന്‍ പോളിയെ പ്രേക്ഷകര്‍ കാണാന്‍ കൊതിക്കുന്ന റൊമാന്റിക് ഹീറോയായി ചിത്രത്തില്‍ കാണുവാന്‍ സാധിച്ചു. അതോടൊപ്പം തന്നെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്. നിവിന്‍,നയന്‍താര, അജു എന്നിവരെ കൂടാതെ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി, രഞ്ജി പണിക്കര്‍, ബിജു സോപാനം, ധന്യ ബാലകൃഷ്ണന്‍, ഗായത്രി ഷാന്‍, വിസ്മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. അജു വര്‍ഗീസ്, വിശാഖ് സുബ്രമണ്യം എന്നിവര്‍ ചേര്‍ന്ന് ഫണ്‍റ്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2019ലെ ബോക്‌സോഫീസ് വിജയങ്ങളില്‍ മുന്‍നിരയില്‍ ഉള്ള ചിത്രം ഓണം വിന്നര്‍ കൂടിയാണ്.
ഗീതു മോഹന്‍ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മൂത്തോനാണ് നിവിന്‍ പോളിക്ക് 2019 ഏറെ പ്രിയപ്പെട്ട വര്‍ഷങ്ങളില്‍ ഒന്നാക്കുവാന്‍ പ്രധാന കാരണം. മൂത്തോനിലെ ഭായിയിലൂടെ തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയാണ് നിവിന്‍ പോളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രവും പ്രമേയവും കൂടിയാണ് ചിത്രത്തില്‍ ഉള്ളത്. സ്വവര്‍ഗ ലൈംഗികതയെ പരിഹസിക്കാതെ അതിന്റെ ഭംഗിയില്‍ തന്നെ അവതരിപ്പിച്ചു എന്നതാണ് എടുത്തു പറയേണ്ട കാര്യം.

നിരൂപകര്‍ എല്ലാം തന്നെ പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ നല്‍കിയ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ നടന്നത് സെപ്റ്റംബറില്‍ ടോറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ്. അവിടെ ഏവരും പ്രശംസിച്ച ചിത്രം ഒക്ടോബര്‍ 18ന് മുംബൈ മാമി ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു. നവംബര്‍ എട്ടിനാണ് പ്രേക്ഷകര്‍ക്കായി തീയറ്ററുകളില്‍ ചിത്രമെത്തിയത്. മൂത്തോനിലെ പ്രകടനത്തിന് ബിഹൈന്‍ഡ് വുഡ്സിന്റെ മികച്ച നടനുള്ള പുരസ്‌കാരവും നിവിന്‍ പോളിയെ തേടിയെത്തി. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രത്തെ അതിന്റെ ഏറ്റവും മികച്ച ഭാവപ്രകടനത്തോടെയും കൈയടക്കത്തോടെയും തിരശീലയില്‍ അവതരിപ്പിച്ചതിനാണ് അവാര്‍ഡ്. ഇനിയുമേറെ പുരസ്‌കാരങ്ങള്‍ നിവിനെ തേടിയെത്താന്‍ മൂത്തോന്‍ ഒരു കാരണമാകും എന്നുറപ്പാണ്.
2020-ലും താരത്തെ ഈ ഭാഗ്യം പിന്‍തുടരുമെന്ന് വേണം മനസ്സിലാക്കാന്‍. കാരണം അടുത്ത വര്‍ഷവും ഒറു പിടി നല്ല ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി തിയ്യേറ്ററുകളിലെത്താന്‍ പോകുന്നത്.
അന്നയും റസൂലും, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം നിര്‍വഹിച്ച ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഛായാഗ്രാഹകന്‍ രാജീവ് രവി ഒരുക്കുന്ന തുറമുഖം, സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വൈശാഖ് ഉദയ്കൃഷ്ണ ടീമിന്റെ ഗൗരി, സണ്ണി വെയ്ന്‍ നിര്‍മാതാവാകുന്ന ലിജു കൃഷ്ണ ചിത്രം പടവെട്ട് തുടങ്ങി നിരവധി ചിത്രങ്ങള്‍ നിവിന്റേതായി 2020ല്‍ ഒരുങ്ങുന്നുണ്ട്.

about nivin pauly films in 2019

More in Malayalam

Trending

Recent

To Top