Connect with us

”ഹലോ ഞാൻ ആക്ടർ മോഹൻ ലാൽ”ഫോൺ എടുത്ത നേഴ്‌സുമാർ ആദ്യം ഒന്ന് ഞെട്ടി,പിന്നീട് അത്ഭുതവും സന്തോഷവും!

News

”ഹലോ ഞാൻ ആക്ടർ മോഹൻ ലാൽ”ഫോൺ എടുത്ത നേഴ്‌സുമാർ ആദ്യം ഒന്ന് ഞെട്ടി,പിന്നീട് അത്ഭുതവും സന്തോഷവും!

”ഹലോ ഞാൻ ആക്ടർ മോഹൻ ലാൽ”ഫോൺ എടുത്ത നേഴ്‌സുമാർ ആദ്യം ഒന്ന് ഞെട്ടി,പിന്നീട് അത്ഭുതവും സന്തോഷവും!

ലോകത്ത് കൊറോണ പടർന്നു പിടിക്കുമ്പോൾ ലോക ജനത ഒന്നടങ്കം നന്ദി പറയുന്നതും പ്രാർത്ഥിക്കുന്നതും
കോവിഡ് രോഗികളെ ഒരു മടിയും കൂടാതെ പരിചരിക്കുന്ന ഡോക്ടർമാർക്കും നേഴ്സ്‌മാർക്കും വേണ്ടിയാണ്.ഈയൊരു സാഹചര്യത്തിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ കോവിഡ് കാലത്ത് ജോലി സമയം പോലും നോക്കാതെ പോരാടുന്ന യുഎഇയിലെ പ്രവാസി നേഴ്‌സുമാർക്ക് ഐക്യദാർഢ്യമറിയിക്കാൻ പതിനൊന്ന് നേഴ്സുമാരെ വിളിച്ച്‌ നന്ദി അറിയിച്ചിരിക്കുകയാണ്.

സൂപ്പർ സ്റ്റാറിന്റെ ആദ്യ കാൾ ചെന്നത് ദുബായ് മെഡിയോർ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് അനുമോൾ ജോസഫിനായിരുന്നു.ഫോൺ എടുത്ത അനുമോൾ കേൾക്കുന്നത്.. ഹലോ ഞാൻ ആക്ടർ മോഹൻ ലാൽ!ആദ്യം ഒന്നും മനസിലായില്ലെങ്കിലും ആളെ തിരിച്ചറിഞ്ഞപ്പോൾ അനുമോൾക്ക് ഒരു പോലെ അത്ഭുതവും സന്തോഷവും. വിശ്വസിക്കാൻ അര നിമിഷം ബുദ്ധിമുട്ടിയെങ്കിലും അനുമോളുടെ അടുത്ത ചോദ്യത്തിന് മുൻപേ മോഹൻലാൽ പറഞ്ഞു തുടങ്ങി.

“ഈ സർപ്രൈസ് കോളിന് കാരണം മറ്റൊന്നുമല്ല. നാളെ അന്താരാഷ്‌ട്ര നേഴ്‌സസ് ദിനമാണല്ലോ. കോവിഡിനെതിരെ പോരാടുന്ന പ്രവാസി നേഴ്‌സുമാർക്ക് എന്റെയും നമ്മുടെ നാടിന്റെയും പൂർണ്ണ പിന്തുണയുണ്ട്. നിങ്ങളെപ്പോലുള്ള ആരോഗ്യപ്രവർത്തകരാണ് ഇപ്പോൾ ഞങ്ങളുടെ സൂപ്പർഹീറോകൾ. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നിങ്ങൾക്കൊപ്പമുണ്ട്.”സൂപ്പർസ്റ്റാറിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ സിസ്റ്റർ അനുമോൾ മോഹൻലാലിനോട് ഒരു കാര്യം കൂടി അഭ്യർത്ഥിച്ചു. കോവിഡ് കഴിഞ്ഞു ഇനി ദുബായിലേക്ക് വരുമ്പോൾ ഇതുവഴി വരണം. ദുരിതകാലത്ത് ഞങ്ങൾക്ക് സർപ്രൈസ് തന്നതിന് പകരമായി ഞങ്ങൾ ലാലേട്ടന് ഒരു ലഞ്ച് ഒരുക്കാം. ബുദ്ധിമുട്ടുകൾ വേഗം കടന്നു പോകട്ടെയെന്നും അടുത്തവരവിൽ കാണാൻ ശ്രമിക്കാമെന്നും സൂപ്പർതാരത്തിന്റെ ആശ്വാസ വാക്ക്.. അനുമോൾക്ക് ഇഷ്ടതാരത്തിന്റെ സർപ്രൈസ് കോൾ വന്നതിന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

അബുദാബി ബുർജീൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് പ്രിൻസി ജോർജിനുമെത്തി സൂപ്പർ താരത്തിന്റെ വിളി. ഞാൻ ആക്റ്റർ മോഹൻലാൽ എന്ന ആമുഖം കേട്ടതോടെ പ്രിൻസിക്ക് സന്തോഷം അടക്കാൻ ആയില്ല. ഫോണിൽ ലൗഡ്സ്പീക്കറിലിട്ട് പ്രിൻസി സഹപ്രവർത്തകർക്കും താരവുമായി സംസാരിക്കാൻ വഴിയൊരുക്കി. ഇന്ത്യൻ സുഹൃത്തുക്കളിൽ നിന്ന് താങ്കളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ടെന്ന് ഫിലിപ്പിനോ നേഴ്‌സുമാർ മോഹൻലാലിനോട് പറഞ്ഞു.

ഓരോരുത്തരെയും വ്യത്യസ്തമായി വിളിച്ചുകൊണ്ടുള്ള സംഭാഷണം ഒരുമണിക്കൂറിലേറെ നീണ്ടു. സംസാരത്തിനിടെ നാട് എവിടെയെന്നു ചോദിച്ചറിഞ്ഞ മോഹൻലാലിന് കേരളത്തിലുള്ളവരോട് പങ്കുവയ്ക്കാനുണ്ടായിരുന്നത് സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്നും നാടിനെക്കുറിച്ച് ആശങ്കവേണ്ടെന്നുമുള്ള സന്ദേശം. കോവിഡ് ഡ്യൂട്ടിക്കിടെയുള്ള താരവിളി നേഴ്‌സുമാർക്ക് ആശ്വാസമായി. രണ്ടു വരി പാടാമോ എന്ന നേഴ്‌സുമാരുടെ സ്നേഹനിർബദ്ധത്തിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെ:

“പാട്ടു പാടി ആഘോഷിക്കാനുള്ള കാലമാണ് വരാനിരിക്കുന്നത്. അപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടിഉറപ്പായും പാടും. ഇപ്പോൾ നിങ്ങൾക്കൊക്കെ വേണ്ടി ഞാൻ പ്രാർത്ഥിക്കുകയാണ്. ചലച്ചിത്ര പ്രവർത്തകരുടെ ഒന്നടങ്കം സ്നേഹവും ആദരവും നിങ്ങളെ അറിയിക്കാനാണ് അവരിലൊരാളായ ഞാൻ നിങ്ങളെ വിളിക്കുന്നത്. നിങ്ങളുടെ ആരോഗ്യവും പ്രധാനമാണ്. ആരോഗ്യം സൂക്ഷിക്കുക. ഈ വെല്ലുവിളിയെ നമുക്ക് ഒറ്റക്കെട്ടായി നേരിട്ട് വിജയിക്കാം.”

കോവിഡ് കാലത്ത് ജോലി സമയം പോലും നോക്കാതെ പോരാടുന്ന യുഎഇയിലെ പ്രവാസി നേഴ്‌സുമാർക്ക് ഐക്യദാർഢ്യമറിയിക്കാൻ പതിനൊന്ന് നേഴ്സുമാരെയാണ് സൂപ്പർതാരം നേരിട്ട് വിളിച്ചത്. യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത്കെയർ ഗ്രൂപ്പുകളിൽ ഒന്നായ വിപിഎസ് ഹെൽത്ത്കെയറിന്റെ ദുബായ്, അബുദാബി, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിലെ ബുർജീൽ, മെഡിയോർ, എൽഎൽഎച്ച്, ലൈഫ്‌കെയർ ആശുപത്രികളിലെ നഴ്സുമാരുമായിട്ടായിരുന്നു ചെന്നൈയിലെ വീട്ടിലിരുന്നുള്ള മോഹൻലാലിന്റെ സംഭാഷണം. നഴ്‌സസ് ദിനത്തോട് അനുബന്ധിച്ചു നഴ്‌സുമാർക്ക് സർപ്രൈസ് നൽകാൻ വിളിക്കേണ്ടവരുടെ പട്ടിക ആശുപത്രി മാനേജ്‌മെന്റ് നേരത്തെ തന്നെ താരത്തിന് കൈമാറിയിരുന്നു.എന്നാൽ ആരാണ് വിളിക്കാൻ പോകുന്നതെന്ന് നഴ്‌സുമാരെ അറിയിച്ചിരുന്നില്ല. രാവിലെ ഒരു സുപ്രധാന കോൾ വരുമെന്നും അത് എടുക്കാൻ വിട്ടുപോകരുതെന്നും മാത്രമേ പറഞ്ഞുള്ളൂ.കോൾ വരുന്ന സമയം മുൻകൂട്ടി അറിയാവുന്ന മാനേജ്മെന്റ് വിഭാഗത്തിലുള്ളവർ സംസാരം വീഡിയോയിൽ പകർത്തുകയും ചെയ്തു.

കഴിഞ്ഞ ഡിസംബറിൽ കയ്യിലെ പരിക്കിന് മോഹൻലാൽ ചികിത്സ തേടിയിരുന്നത് വിപിഎസ് ഹെൽത്ത്കെയറിന്റെ ദുബായ് ബുർജീൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ്ഡ് സർജറിയിൽ ആയിരുന്നു. ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടിയിലുള്ള നേഴ്സുമാരെയും മോഹൻലാൽ ഫോണിൽ വിളിച്ച് ഐക്യദാർഢ്യം അറിയിച്ചു. കേരളത്തിൽ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുമായും ആരോഗ്യമന്ത്രി കെകെ ശൈലജയുമായും അടുത്തിടെ മോഹൻലാൽ ആശയവിനിമയം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്രവാസി നഴ്‌സുമാരെ അഭിനന്ദിക്കാനും ആശ്വാസമേകാനുമുള്ള താരത്തിന്റെ ഇടപെടൽ.

about mohanlal

More in News

Trending

Recent

To Top