Connect with us

സേതുവേട്ടന്‍ എന്ന സേധുമാധവന്‍ ഇപ്പോള്‍ വെറും സേധുമാധവനല്ല, വലിയ സേധുമാധവന്‍ മുതലാളിയാണെന്നറിയാം;സുലോചന സേതുമാധവന് എഴുതിയ കത്ത് വൈറൽ!

Malayalam

സേതുവേട്ടന്‍ എന്ന സേധുമാധവന്‍ ഇപ്പോള്‍ വെറും സേധുമാധവനല്ല, വലിയ സേധുമാധവന്‍ മുതലാളിയാണെന്നറിയാം;സുലോചന സേതുമാധവന് എഴുതിയ കത്ത് വൈറൽ!

സേതുവേട്ടന്‍ എന്ന സേധുമാധവന്‍ ഇപ്പോള്‍ വെറും സേധുമാധവനല്ല, വലിയ സേധുമാധവന്‍ മുതലാളിയാണെന്നറിയാം;സുലോചന സേതുമാധവന് എഴുതിയ കത്ത് വൈറൽ!

മലയാള സിനിമകളെ ഇഷ്ടപ്പെടുന്ന ഒരാളും മറക്കാൻ സാധ്യതയില്ലാത്ത ഒരു ചിത്രമാണ് മിഥുനം.മോഹൻലാൽ ഉർവശി കൂട്ടുകെട്ടിൽ അതിമനോഹരമായി അണിയിച്ചഒരുക്കി പ്രേക്ഷക ഹൃദയം കീഴടക്കാൻ പ്രിയദര്‍ശന്‍ എന്ന സംവിധായകന് കഴിഞ്ഞു.പ്രാരാബ്ദക്കാരനായ സേതുമാധവന്റെ ജീവിതത്തിലേക്ക് വന്ന സുലോചന ഭര്‍ത്താവിന്റെ പ്രശ്‌നങ്ങള്‍ അറിയാതെ പെരുമാറുന്നു എനന്നതാണ് സിനിമയുടെ പ്രമേയം.എന്നാൽ ഇപ്പോളിതാ ഷാഫി പൂവത്തിങ്കല്‍ സിനിമാസ്വദകരുടെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ നായകൻ സേതുമാധവന് എഴുതിയ കുറിപ്പിലാണ് ശ്രദ്ധ നേടുന്നത്.ഷാഫി പൂവത്തിങ്കല്‍ സിനിമാസ്വദകരുടെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ എഴുതിയ കുറിപ്പിൽ സുലോചന സേതുമാധവനെഴുതിയ ഒരു കത്ത് തുറന്ന് കാട്ടുന്നു.

‘പ്രിയപ്പെട്ട സേതുവേട്ടന്, സേതുവേട്ടന്‍ എന്ന സേധുമാധവന്‍ ഇപ്പോള്‍ വെറും സേധുമാധവനല്ല, വലിയ സേധുമാധവന്‍ മുതലാളിയാണെന്നറിയാം. ദാക്ഷായണി ബിസ്‌കറ്റില്‍ തുടങ്ങി, പിന്നീട് ദാക്ഷായണി ഐസ്‌ക്രീമും ദാക്ഷായണി ന്യൂഡില്‍സുമെല്ലാമായി ഇന്ന് ദാക്ഷായണി ചിക്കന്‍സില്‍ വരെ എത്തി നില്‍ക്കുന്ന ദാക്ഷായണി ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍, ആദ്യത്തെ ദാക്ഷായണി ബിസ്‌കറ്റ് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ സഹിച്ച യാതനകളെ കുറിച്ച്‌ വ്യക്തമായി അറിയുന്ന ഒരാളെന്ന നിലയില്‍ വ്യക്തിപരമായി, പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്.

എന്തായാലും ഈ കത്തെഴുതുന്നത് ബിസിനസ് കാര്യങ്ങള്‍ പറയാനല്ല. ഇത്തിരി കുടുംബ കാര്യങ്ങള്‍ പറയാനാണ്. അതു കൊണ്ട് തന്നെ നിങ്ങളുടെ കുടുംബ കാര്യങ്ങളിലേക്ക്, സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നതിന് ആദ്യമേ ക്ഷമാപണം. എങ്കിലും പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഒരു സാമൂഹിക മാനം ഉണ്ടെന്ന ബോധ്യമാണ് ഈ ഒരു പാതകത്തിന് എനിക്ക് ധൈര്യം തരുന്നത്. അന്ന് സുലോചന ചേച്ചിയെ ചെറുകരയിലെ വീട്ടില്‍ കൊണ്ട് വിടാന്‍ പോയ നിങ്ങള്‍ വഴിയില്‍ വെച്ച്‌ സുലു ചേച്ചി തന്റെ തെറ്റ് ഏറ്റു പറഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയും ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ച്‌ രണ്ട് പേരും ഊട്ടിക്ക് പോയതുമെല്ലാമറിഞ്ഞ് കണ്ണും മനസ്സും നിറഞ്ഞ് സന്തോഷിച്ച ഒരാളാണ് ഞാന്‍..

നിങ്ങള്‍ ഒന്നിക്കേണ്ടവര്‍ തന്നെയായിരുന്നു സേതുവേട്ടാ. പക്ഷേ കാലമിത്ര കഴിഞ്ഞ് ആ പഴയ കാര്യങ്ങളൊക്കെ ഒന്നു കൂടെ ആലോചിച്ചു നോക്കിയപ്പോള്‍ നിങ്ങള്‍ ഒന്നിച്ച രീതിയിലെന്തോ ശരികേടില്ലേ എന്നൊരു തോന്നല്‍. അന്ന് മാപ്പേറ്റ് പറയേണ്ടിയിരുന്നത് സുലോചന ചേച്ചി മാത്രമിയിരുന്നോ? അന്ന് തെറ്റ് പറ്റിയത് സുലു ചേച്ചിക്ക് മാത്രമായിരുന്നോ? നിങ്ങള്‍ ഒരിക്കല്‍ സ്‌നേഹിച്ചു സ്‌നേഹിച്ചു കൊല്ലുന്ന ഭാര്യ എന്ന് പറഞ്ഞ് അവരോട് ദേഷ്യപ്പെടുകയുണ്ടായി, മുഖം വീര്‍പ്പിച്ചിരിക്കുന്നവളാണെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. അവസാനം വാനിലിരുന്ന് അവര്‍ മാത്രമാണ് കുറ്റക്കാരിയെന്ന് വിധിയെഴുതി നിങ്ങള്‍ കൈകഴുകി പുണ്യാളനായി.

പക്ഷേ സുലുചേച്ചിയുടെ മുഖം എപ്പോഴും വീര്‍ത്തിരിക്കുന്നതെന്ത് കൊണ്ടാണെന്നും അവര്‍ക്ക് സ്‌നേഹം അത്രമേല്‍ ജീവവായു ആയത് എന്തുകൊണ്ടാണെന്നും നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മുരുക്കുംവീട് തറവാട്ടിലേക്ക് സുലു ചേച്ചി സ്വന്തം വീട്ടുകാരെ വരെ ഉപേക്ഷിച്ച്‌ ഇറങ്ങി വന്നത് നിങ്ങള്‍ കത്തുകളിലൂടെ അവര്‍ക്ക് വാഗ്ദാനം ചെയ്ത് സ്‌നേഹം മാത്രം കൊതിച്ചായിരുന്നു. മറ്റൊരു സ്വപ്നവും മറ്റൊരു ഉപാധിയും അവര്‍ക്കുണ്ടായിരുന്നില്ല. നിങ്ങള്‍ ആ സ്‌നേഹത്തിനേക്കാള്‍ പ്രധാന്യം കൊടുത്ത് ആയിത്തീരാന്‍ ശ്രമിച്ച, ഫാക്ടറി മുതലാളിയുടെ ഭാര്യയാകാമെന്ന് മോഹിച്ചല്ല അവര്‍ നിങ്ങള്‍ക്കൊപ്പം വന്നത്.

നിങ്ങള്‍ വലിയ മുതലാളി ഒന്നുമായില്ലെങ്കിലും ഏത് കൊടിയ ദാരിദ്ര്യത്തിലും നിങ്ങള്‍ക്കൊപ്പമിരുന്ന് സ്‌നേഹം തൊട്ടുകൂട്ടി ആവി പാറുന്ന ചൂട് കഞ്ഞി കുടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പോലും അവര്‍ സന്തുഷ്ടയാകുമായിരുന്നു.കാരണം അവര്‍ക്ക് വലുത് സ്‌നേഹം മാത്രമായിരുന്നു.കാറ്റും വെളിച്ചവും കടക്കാത്ത ആ പഴയ തറവാട്ടില്‍ രാവും പകലും കഴിച്ചുകൂട്ടുന്ന അവര്‍ക്ക് സ്‌നേഹിക്കുക,സ്‌നേഹിക്കപ്പെടുക എന്നതിനേക്കാള്‍ വലിയ ജീവിത ലക്ഷ്യങ്ങളൊന്നും സ്വഭാവികമായും ഇല്ലായിരുന്നു. ആ സ്‌നേഹമായിരുന്നു ഒരു നട്ടുച്ച നേരത്ത് സാമ്ബാറിന്റെ രൂപത്തില്‍ അവര്‍ നിങ്ങള്‍ക്കായി വിളമ്ബിയത്.

തന്റെ പ്രിയപ്പെട്ടവന് വേണ്ടി, അവന്റെ നന്ദി വാക്കും സംതൃപ്തിയും കൊതിച്ച്‌, എത്ര ഉള്ളുതൊട്ടാകും. എത്ര കരുതുലോടെയാകും അവര്‍ ആ മണ്‍ കുടുക്കയിലേക്ക് സ്‌നേഹത്തിന്റെ രുചിക്കൂട്ടുകള്‍ ചേര്‍ത്തിട്ടുണ്ടാവുക എന്ന് നിങ്ങള്‍ ഓര്‍ത്തിരുന്നോ സേതുവേട്ടാ? അതേ സ്‌നേഹത്തിന്റെ പേരിലായിരുന്നു നിങ്ങള്‍ വീട്ടിലേക്ക് വരുന്ന പാതിരാ നേരം വരെ, നിങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത് കൊതിച്ച്‌ വിശപ്പ് സഹിച്ചവള്‍ കാത്തിരിത്തുന്നത്. പിറന്നാളിനും ഒരേയൊരു കൂട്ടുകാരിയുടെ കല്യാണത്തിനും നിങ്ങളുടെ സാമീപ്യം കൊതിച്ചതും ആ സ്‌നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു. തിരക്കുകള്‍ക്കിടയില്‍ സുലു ചേച്ചിയെ സ്‌നേഹിക്കാന്‍ മറന്ന നിങ്ങള്‍ തിരിച്ച്‌ അവരുടെ സ്‌നേഹ പ്രകടനങ്ങളോടും ക്രൂരമായായിരുന്നു പലപ്പോഴും പ്രതികരിച്ചത്.

അവര്‍ ഉള്ളുരുക്കിയൊരിക്കിയ സാമ്ബാറിനെ നിങ്ങള്‍ പരസ്യമായി, ക്രൂരമായി പരിഹസിച്ചു. ഒരുമിച്ചിരുന്ന് സ്‌നേഹം പകുത്ത് ഒരു ഉരുളയെങ്കിലും കഴിക്കാന്‍ കൊതിച്ച്‌ വിശന്നു കാത്തിരിക്കുന്ന സുലു ചേച്ചിയെ ഓര്‍ക്കാതെ നിങ്ങള്‍ ഒറ്റക്ക് അത്താഴം കഴിച്ചു. അവരുടെ പിറന്നാള്‍ നിങ്ങള്‍ മറന്നു. അതിനവര്‍ പരിഭവം പറഞ്ഞപ്പോള്‍ പെണ്ണന്ന വര്‍ഗം ഇങ്ങനെയാണെന്ന് പറഞ്ഞ് നിങ്ങളവരോട് കയര്‍ത്തു. ശരിയാണ്, നിങ്ങള്‍ക്ക് ഒരുപാട് തിരക്കുകളുണ്ടായിരുന്നു.

ദാക്ഷായണി ഫാക്ടറി യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ക്ക് അഴിമതിക്കാരായ കുറേ ഓഫീസര്‍മാര്‍ക്കിടയില്‍ നെട്ടോട്ടമോടണമായിരുന്നു. നിങ്ങള്‍ക്ക് കലഹപ്രിയരായ ബന്ധുക്കളുടെ വഴക്കുകള്‍ തീര്‍ക്കാനുണ്ടായിരുന്നു. പക്ഷേ ആ പ്രതിസന്ധികളെയല്ലാം പരിഹരിക്കാനുള്ള സമയം നിങ്ങള്‍ കണ്ടെത്തിയത് സുലുവിന്റെ ആവശ്യങ്ങളെ മാറ്റി വെച്ചായിരുന്നു. മാറ്റിവെക്കപ്പെടുന്നവരില്‍ ആദ്യത്തെയും പരിഗണിക്കപ്പെടുന്നവരില്‍ അവസാനത്തെയും സ്ഥാനമായിരുന്നു സുലുചേച്ചിക്ക് നിങ്ങളുടെ പ്രയോരിറ്റികളില്‍.

തന്റെ പ്രശ്‌നങ്ങളെ മനസ്സിലാകാത്ത ഭാര്യ എന്നായിരുന്നു നിങ്ങള്‍ സുലു ചേച്ചിയെ എപ്പോഴും കുറ്റപ്പെടുത്തിയത്. പക്ഷേ നിങ്ങള്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഉള്ളു തുറന്ന് എന്നെങ്കിലും അവരോട് പങ്ക് വെച്ചിട്ടുണ്ടോ? ഊട്ടിക്ക് പോകാന്‍ കാശില്ലാത്ത കാര്യവും ശ്യാമയുടെ കല്യാണത്തിന് വരാതിരുന്നതിന്റെ കാരണവുമെല്ലാം നിങ്ങള്‍ അവരില്‍ നിന്നും മറച്ച്‌ വെച്ചു. അതെന്തോ മഹത്തരമായ കാര്യമാണെന്ന് നിങ്ങള്‍ വിശ്വസിച്ചു. പറഞ്ഞാലും കാര്യങ്ങള്‍ സുലു ചേച്ചിക്ക് മനസ്സിലാകില്ലെന്ന് നിങ്ങള്‍ ഒരിക്കല്‍ അവരോട് പറയുക കൂടിയുണ്ടായി. വസ്തുതകളെല്ലാം അവരില്‍ നിന്നും മറച്ചു വെച്ചിട്ട് അവര്‍ നിങ്ങളെ മനസ്സിലാക്കിയില്ലെന്ന് പരാതി പറയുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളത് സേതുവേട്ടാ?

പുറത്ത് വെച്ച്‌ ആകാശം ഇടിഞ്ഞു വീണാലും കുഴപ്പമില്ല, വീട്ടില്‍ മുഖം വീര്‍പ്പിക്കാത്ത ഒരു ഭാര്യ ഉണ്ടായാല്‍ മതി എന്ന് നിങ്ങള്‍ ഒരിക്കല്‍ സുലു ചേച്ചിയോട് പറയുകയുണ്ടായി. നിങ്ങളുടെ മേല്‍ ഇടിഞ്ഞു വീഴുന്ന ആകാശങ്ങളെ തന്നാലാകും വിധം താങ്ങി നിര്‍ത്താന്‍ കൊതിച്ചവരായിരുന്നു സുലു ചേച്ചി. ആശയുടെ കല്യാണത്തിന് വേണ്ടി സ്വര്‍ണം എടുത്തു തന്നിട്ട് അവര്‍ പറഞ്ഞതെന്താണെന്ന് നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഒരിക്കല്‍ ഫാക്ടറിയിലേക്ക് വരട്ടെ എന്ന് ചോദിച്ച സുലു ചേച്ചിയെ നിങ്ങള്‍ അതില്‍ നിന്നും വിലക്കിയിരുന്നു. സ്‌നേഹിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വന്നു ഫ്യൂഡല്‍ കുടുംബത്തിന്റെ കീഴ്വഴക്കങ്ങള്‍ ലംഘിച്ച നിങ്ങള്‍ക്ക്, കുടുംബത്തിന്റെ കീഴ്വഴക്കങ്ങള്‍ ലംഘിച്ച്‌ അവരെ ഒരിക്കലെങ്കിലും ഫാക്ടറിയിലേക്ക് കൊണ്ട് പോകാമായിരുന്നു.

about midunam movie

More in Malayalam

Trending

Recent

To Top