Connect with us

സല്ലാപത്തിൽ മഞ്ജുവിനേയും ദിലീപിനേയും ചേർത്ത് നിർത്തിയപ്പോൾ അത് ഇങ്ങനെ ആകുമെന്ന് കരുതിയില്ല!

Malayalam

സല്ലാപത്തിൽ മഞ്ജുവിനേയും ദിലീപിനേയും ചേർത്ത് നിർത്തിയപ്പോൾ അത് ഇങ്ങനെ ആകുമെന്ന് കരുതിയില്ല!

സല്ലാപത്തിൽ മഞ്ജുവിനേയും ദിലീപിനേയും ചേർത്ത് നിർത്തിയപ്പോൾ അത് ഇങ്ങനെ ആകുമെന്ന് കരുതിയില്ല!

മഞ്ജു വാര്യര്‍, മനോജ് കെ ജയന്‍, ദിലീപ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി സുന്ദര്‍ ദാസിന്റെ സംവിധാനത്തില്‍ തീയ്യേറ്ററുകള്‍ കീഴടക്കിയ ചിത്രമായിരുന്നു സല്ലാപം. ഒരുപക്ഷെ മഞ്ജു ദിലീപിനെ വിവാഹം കഴിക്കാൻ വഴിത്തിരിവായ സിനിമ എന്ന് തന്നെ പറയാം.ഇപ്പോളിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് സിദ്ധു പനക്കല്‍.
അദ്ദേഹത്തിന്‍റെ കുറിപ്പ് വായിക്കാം.

ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതിന്റെ കൺട്രോളർ സിദ്ധു ആയിരിക്കും. ഇത് സുന്ദർദാസിന്റെ വാക്കാണ്. മാലയോഗം പടത്തിൽ സിബിമലയിൽ സാറിന്റെ അസിസ്റ്റന്റ് ആയി വർക് ചെയ്യുവാൻ വന്ന സുന്ദരം, പരിചയപ്പെട്ടു കുറച്ചുനാൾ കഴിഞ്ഞപ്പോൾ പറഞ്ഞതാണ് മുകളിൽ . ഞാൻ അന്ന് സെവൻ ആർട്സ് മോഹനേട്ടന്റെ അസിസ്റ്റന്റ് ആയി വർക്ക്‌ ചെയ്യുകയാണ്.

ലോഹി സാറിന്റെയും കിരീടം ഉണ്ണിയേട്ടന്റെയും ഉത്സാഹത്തിൽ സംവിധാനം ചെയ്യാനുള്ള ഓഫർ വന്നപ്പോൾ ഞാൻ അതിന് ആയിട്ടില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാൻ ശ്രമിച്ച ആളാണ് സുന്ദരം. തനിക്കതു പറ്റും എന്ന ഗുരുനാഥൻ സിബിസാറിന്റെ ഉറപ്പിലാണ് സുന്ദരം സംവിധാനം ചെയ്യാൻ തയ്യാറായത്. ആ കാലത്ത് ലോഹിസാർ എഴുതുന്ന സിനിമകളുടെ സെറ്റിൽ വെച്ചാണ് അന്ന് സല്ലാപം എന്ന് പേരിട്ടിട്ടില്ലാത്ത ആ സിനിമയുടെ വളർച്ച.

സാദരം എന്ന ഉണ്ണിയേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. സ്ക്രിപ്റ്റ് ലോഹിസാർ. സംവിധാനം ജോസ്തോമസ് അസ്സോസിയേറ്റ് ഡയറക്ടർ സുന്ദർദാസ്. ആ സെറ്റിൽ കണ്ട ഒരു കലാകൗമുദിയിൽ ഒരു കവർ പേജ് അടിച്ചു വന്നിരുന്നു. കലാതിലകം മഞ്ജുവാര്യരുടെ. അത് കണ്ട ലോഹിസാർ എന്റെ ചില നാടൻ കഥാപാത്രങ്ങൾ പോലെ ഉണ്ടല്ലോ ഈ കുട്ടി എന്ന് പറയുകയും ചെയ്തു. ആ സെറ്റിലും സുന്ദരത്തിന്റെ സിനിമയുടെ ചില ചർച്ചകൾ നടന്നുപോകുന്നുണ്ട്.

സല്ലാപത്തിന്റെ കഥയുടെ ചില വിശദാംശങ്ങൾ ആയ സമയത്ത് ലോഹി സാറും സുന്ദരവും ഷൊർണുരിൽ ഒരു സിനിമ കാണാൻ പോയി. സംവിധായകൻ കരീമിന്റെ “ഏഴരക്കൂട്ടം”. പടം കണ്ടിറങ്ങിയ ലോഹിസാർ സല്ലാപത്തിലെ ഒരു പ്രധാന കഥാപാത്രമായ ശശികുമാറിനെ ആ അരയിൽ, ദിലീപിൽ കണ്ടെത്തി. സുന്ദരം വാക്ക് പറഞ്ഞപോലെ കൺട്രോളർ ആയി എന്നെ തീരുമാനിച്ചു. ദിവാകരൻ എന്ന കഥാപാത്രം ഉരുത്തിരിഞ്ഞപ്പോൾ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു. മനോജ്‌ k ജയനും, ബിജു മേനോനും.

മനോജിനെ ബന്ധപ്പെട്ടു. പുള്ളിക്ക് സമ്മതം. പക്ഷെ ഞങ്ങളുടെ ഡേറ്റ് തുടങ്ങാനിനിരിക്കുന്ന മറ്റൊരു സിനിമയുമായി ക്ലാഷ് ആകുമോ എന്ന സംശയം. അവരുടെ പക്കാ ഡേറ്റ് ആയിട്ടില്ല. സംശയം അവശേഷിക്കുന്നു.ലോഹി സാറിന്റെ സ്ക്രിപ്റ്റ് ആയതുകൊണ്ട് ഉപേക്ഷിക്കാനും വയ്യാത്ത അവസ്ഥയിൽ മനോജ്‌. സുന്ദരത്തിന്റെ ആദ്യ പടമല്ലേ ക്ലാഷുകൾ പാടില്ല. ബിജുമേനോനെ സമീപിക്കാൻ തീരുമാനിച്ചു. ഞാനും സുന്ദരവും ഗുരുവായൂർ വന്നു. അവിടെ അന്ന് രാജസേനൻ സാറിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ബിജുമേനോൻ ഹീറോ.

ബിജുവിനോട് കാര്യം പറഞ്ഞു. ബിജുവിനും സന്തോഷം. പക്ഷെ സേനൻ സാറിന്റെ പടം കഴിഞ്ഞാൽ ഉടൻ ഹരിഹരൻ സാറിന്റെ പടം തുടങ്ങും. ആ പടത്തിന് കുറച്ച് ദിവസം കൂടുതൽ വേണം. ഞങ്ങൾ മടങ്ങി. ബിജു നായകനായ ആ ഹരിഹരൻ സാർ പടം 24 വർഷത്തിനിപ്പുറവും തുടങ്ങിയിട്ടില്ല എന്നതൊരു സത്യം. അതിനിടക്ക് മനോജിന്റെ ഡേറ്റ് പ്രശ്നം തീരുകയും സല്ലാപത്തിന് ആവശ്യമുള്ള ഡേറ്റ് തരികയും ചെയ്തു. രാധയായി ആനിയെയും ഫിക്സ് ചെയ്തു. ലോഹിസാർ ആനിയുടെ അങ്കിളുമായി സംസാരിച്ചു.

കഥയും കഥാപാത്രങ്ങളും ലോഹിസാറിന്റെ മനസ്സിൽ കൂടുതൽ മിഴിവോടെ വളർന്നുവരുംതോറും തന്റെ രാധക്ക് പറ്റുന്ന രൂപമല്ല ആനിക്ക് എന്ന് ലോഹിസാറിന് മനസിലായിതുടങ്ങി. അപ്പോഴാണ് ലോഹിസാറിന്റെ മനസിലേക്ക് ആ കവർപേജ് വീണ്ടും കടന്ന് വരുന്നത്. സാദരം പടത്തിന്റെ സെറ്റിൽ കണ്ട കവർപേജ്. കിരീടം ഉണ്ണിയേട്ടൻ അത് സൂക്ഷിച്ചു വെച്ചിരുന്നു. അന്ന് കണ്ണൂർ മേലെചൊവ്വയിൽ താമസമായിരുന്നു മാധവേട്ടന്റെ കുടുംബം. ഒരു PP നമ്പറിൽ വിളിച്ച് ഇങ്ങനെ ഒരു ടീം അങ്ങോട്ട്‌ വരുന്നുണ്ട് എന്ന് അവരെ അറിയിച്ചു. പിന്നീട് ഡയറക്ടർ ആയ തോമസുകുട്ടിഅന്ന് സിബിസാറിന്റെ അസിസ്റ്റന്റ് ആണ്. സുധീഷ് ശങ്കർ എന്നിവരോടൊപ്പം സുന്ദരം മഞ്ജുവിനെ കാണാൻ പോയി.

പെണ്ണ് കാണാൻ ചെല്ലുന്ന ഒരുക്കങ്ങൾ പോലെ പലഹാരങ്ങളും മറ്റും.. എന്നാണ് സുന്ദരം അതേപ്പറ്റി പിന്നീട് പറഞ്ഞത്. സ്വാഭാവീകമായ മഞ്ജുവിന്റെ ചില ചലനങ്ങളും, സംസാരങ്ങളും, ചിരിയും എല്ലാം അന്ന് വിഡിയോയിൽ ഷൂട്ട് ചെയ്തു. ലോഹിസാറും, ഉണ്ണിയേട്ടനും, സിബിസാറും അത് കണ്ടു. ഇതുതന്നെ രാധ എന്ന് തീരുമാനമായി. എന്നാലും നേരിട്ട് ഒന്ന് കാണാൻ ലോഹിസാർ തീരുമാനിച്ചു. തോമസുക്കുട്ടിയെ വിട്ട് മഞ്ജുവിന്റെ അളവ് ഡ്രെസ്സുകൾ കൊണ്ടുവന്നു. നിങ്ങളുടെ കോസ്റ്റമർ വന്ന് അളവൊക്കെ കൊണ്ടുപോയിട്ടുണ്ട് എന്നാണ് മഞ്ജു ഞങ്ങളെ അറിയിച്ചത്. ഇതും പറഞ്ഞു ഞങ്ങൾ തോമസുക്കുട്ടിയെ ഇടക്ക് കളിയാക്കും.

ഡ്രസ് റെഡിആയ ശേഷം മഞ്ജുവിനെ ഷൊർണുർ ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചുവരുത്തി. മാധവേട്ടനും മാധവേട്ടന്റെ ഒരു സുഹൃത്തും മഞ്ജുവും കൂടിയാണ് വന്നത്. നടന്നുവരുന്നതും ഓടി വരുന്നതും വിഡിയോയിൽ പകർത്തി. ഞാനും ലോഹിസാറിന്റെ അന്നത്തെ ഒരു സഹായി സന്തോഷുമാണ് അന്ന് മഞ്ജുവിന്റെ കൂടെ നടന്നു സംസാരിച്ചത് ഷൂട്ട്‌ ചെയ്യാൻ. തള്ളേനെ ഞാൻ എങ്ങിനെയാ വീഴ്ത്തിനറിയോ നാലു പരിപ്പ് വടേം ഒരുകേട്ട് പുകയിലേം എന്ന ഡയലോഗ് ഒക്കെ പറഞ്ഞു നന്നായി അഭിനയിച്ചു മഞ്ജു.

മഞ്ജു കുറച്ച് ഉയരം കൂടുതലാണോ എന്ന സംശയത്തിൽ ദിലീപിനെ വരുത്തി ഷൊർണുർ ഗസ്റ്റ്ഹൌസ് സിന്റെ ബാൽക്കണിയിൽ ഉണ്ണിയേട്ടന്റെയും സുന്ദർദാസിന്റെയും സാന്നിധ്യത്തിൽ രണ്ട് പേരെയും ചേർത്ത് നിർത്തി ഫോട്ടോക്ക് പോസുചെയ്യിപ്പിക്കുമ്പോൾ, രണ്ടുപേരെയും ജീവിതത്തിലേക്കാണ് ലോഹിസാർ ചേർത്ത് നിർത്തിയതെന്നു ദിലീപിനും മഞ്ജുവിനും അന്ന് മനസിലായിക്കാണില്ല. മഞ്ജുവാര്യരായി വന്ന് രാധയായി തിരിച്ചുപോയി മഞ്ജു.

സല്ലാപത്തിനു മുൻപ് സാക്ഷ്യം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട് മഞ്ജുവാര്യർ. നായികയായി തീരുമാനിച്ച ശേഷം ഞാനും സുന്ദരവും മദ്രാസിൽ AVM SOUND &LIGHT എന്ന ഡബ്ബിങ് തീയേറ്ററിൽ സാക്ഷ്യത്തിന്റെ ഡബ്ബിങ് നടക്കുന്നുണ്ടെന്നറി ഞ്ഞു അവിടെ ചെന്നു. മഞ്ജു അഭിനയിച്ച സീൻ കാണാൻ പറ്റുമോ എന്നറിയാൻ. അന്ന് വൈകീട്ട് തിരിച്ചു പോകേണ്ട ഒരാർട്ടിസ്റ്റിന്റെ ഡബ്ബിങ് തിരക്കിട്ടു നടക്കുന്നതിനാൽ അന്ന് ഞങ്ങക്കതിനു സാധിച്ചില്ല. സല്ലാപത്തിനു ശേഷം ക്രമേണ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു മഞ്ജു.

ഇടവേളക്കു ശേഷം തിരിച്ചു വന്നപ്പോഴും ആ സ്ഥാനം പൂർവാധികം ശക്തിയോടെ നിലനിർത്താനായി മഞ്ജുവിന്. ആ കാലത്ത് സല്ലാപം, സമ്മാനം, കുടമാറ്റം, തിരകൾക്കപ്പുറം, കന്മദം എന്നീ സിനിമകൾ അവരോടൊപ്പം വർക്ക്‌ ചെയ്തു. തിരിച്ചുവരവിൽ മോഹൻലാൽ, ലൂസിഫർ, കുഞ്ഞാലിമരക്കാർ, പ്രതി പൂവൻകോഴി എന്നീ സിനിമകളും. മഞ്ജുവിന്റെ കുടുംബവും എന്റെ കുടുംബവും തമ്മിലും നല്ല ബന്ധത്തിലാണ്.

about dileep manju warrier

More in Malayalam

Trending

Recent

To Top