Bollywood
അമ്മയുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷമാക്കി ആമിര്‍ ഖാന്; വസതിയിലെത്തിയത് ഇരുന്നൂറില്‍പ്പരം ബന്ധുക്കളും സുഹൃത്തുക്കളും
അമ്മയുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷമാക്കി ആമിര്‍ ഖാന്; വസതിയിലെത്തിയത് ഇരുന്നൂറില്‍പ്പരം ബന്ധുക്കളും സുഹൃത്തുക്കളും
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരുന്നത്. ഇപ്പോഴിതാ മാതാവ് സീനത്ത് ഹുസൈന്റെ 90ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുന്നൂറില്‍പ്പരം ബന്ധുക്കളാണ് ആമിര്‍ഖാന്റെ വസതിയില്‍ എത്തിയത്.
താരത്തിന്റെ മുംബൈയിലുള്ള വസതിയില്‍ വെച്ചായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. ബനാറസ്, ബംഗളൂരു, ലഖ്നോ, മൈസൂരു തുടങ്ങിയ നഗരങ്ങളില്‍നിന്നെല്ലാം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. അടുത്തിടെ ആമിറുമായി വേര്‍പിരിഞ്ഞ ഭാര്യ കിരണ്‍ റാവു അടക്കമുള്ളവര്‍ സീനത്ത് ഹുസൈന് ആശംസയുമായി സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു.
ആമിര്‍ ഖാന്റെ നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച ജൂഹി ചൗളയും ആഘോഷങ്ങളില്‍ പങ്കാളിയായി. ‘അമ്മയുടെ പ്രത്യേക ജന്മദിനത്തില് എല്ലാ കുടുംബാംഗങ്ങളെയും കാണാനായതില്‍ ഏറെ സന്തോഷം’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ആമിറിനും സഹോദരി ഫര്‍ഹത്ത് ദത്തക്കുമൊപ്പമുള്ള ചിത്രവും ജൂഹി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളം അസുഖബാധിതയായിരുന്ന മാതാവ് അടുത്തിടെയാണ് സുഖം പ്രാപിച്ചത്.
അതേസമയം, ‘ലാല്‍ സിങ് ഛദ്ദ’യാണ് ആമിര്‍ ഖാന്റേതായി പുറത്തുവന്ന അവസാന സിനിമ. രേവതിയുടെ സലാം വെങ്കി എന്ന ചിത്രത്തില്‍ അതിഥിയായും എത്തിയിരുന്നു. മാസങ്ങളായി സിനിമകളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ആമിറിനോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഒരു സിനിമയും ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവിടാനാണ് ഉദ്ദേശ്യമെന്നും താരം വ്യക്തമാക്കിയിരുന്നു.
മാനസികമായി നല്ല നിലയിലെത്തുമ്പോള്‍ തീര്‍ച്ചയായും സിനിമ ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം, ആമിറിന്റെ നിര്‍മാണത്തില്‍ ‘ലാഹോര്‍ 1947’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. രാജ്കുമാര് സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍, പ്രീതി സിന്റ, ഷബാന ആസ്മി, അലി ഫസല്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കിരണ്‍ റാവുവിന്റെ സംവിധാനത്തില്‍ ആമിര്‍ ഖാന് സഹനിര്‍മാതാവായി എത്തിയ ‘ലാപതാ ലേഡീസ്’ ഏറെ പ്രശംസ നേടിയിരുന്നു.
