Malayalam
ഒരു ലിങ്കിലേയ്ക്ക് ഒരു ചിത്രം പകർത്തി അപ്‌ലോഡ് ചെയ്താൽ 5000 രൂപ കിട്ടും, രായൻ തിയറ്ററിൽ നിന്നും സിനിമ മൊബൈലിൽ പകർത്തിയയാളെ പിടികൂടിയത് വാട്ടർ മാർക്ക് വെച്ച്!
ഒരു ലിങ്കിലേയ്ക്ക് ഒരു ചിത്രം പകർത്തി അപ്‌ലോഡ് ചെയ്താൽ 5000 രൂപ കിട്ടും, രായൻ തിയറ്ററിൽ നിന്നും സിനിമ മൊബൈലിൽ പകർത്തിയയാളെ പിടികൂടിയത് വാട്ടർ മാർക്ക് വെച്ച്!
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ധനുഷ് നായകനായി എത്തിയ പുതിയ ചിത്രം രായൻ സിനിമ തിയേറ്ററിൽ നിന്നും ഫോണിൽ പകർത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മധുര സ്വദേശി ജെബി സ്റ്റീഫൻരാജാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപത്തെ ഏരീസ് പ്ലസ് തിയറ്ററിൽ നിന്നാണ് ഇയാൾ പിടിയിലായത്.
എന്നാൽ ഇയാളെ പിടികൂടാൻ നിർണായകമായത് പൃഥ്വിരാജിൻറെ ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയുടെ ടെലഗ്രാമിൽ പ്രചരിച്ച വ്യാജപതിപ്പിലെ വാട്ടർമാർക്കാണ് എന്ന് പോലീസ് പറഞ്ഞു. വാട്ടർമാർക്കിൽ തിയേറ്ററിൻറെ പേരും മൊബൈലിൽ പകർത്തിയ സമയവും ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ജെബി സ്റ്റീഫൻരാജിലേയ്ക്ക് എത്തിയത്.
രണ്ടു മാസത്തോളം ഏഴ് ഫോണുകൾ കേന്ദ്രീകരിച്ച് തിയറ്റർ ജീവനക്കാരുടെ സഹകരണത്തോടെ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. എന്നാൽ, രണ്ടു ഫോണുകളുടെ മേൽവിലാസം തിരിച്ചറിയാനായില്ല. തുടർന്ന് ഇവരിലേക്ക് നിരീക്ഷണം കേന്ദ്രീകരിച്ചു. സി.സി.ടി.വി.യിൽനിന്ന് ഇവരുടെ ചിത്രങ്ങൾ ശേഖരിച്ചും തിയേറ്ററിനുള്ളിലെ ഇവരുടെ നീക്കങ്ങൾ പരിശോധിച്ചു.
ഇവർ പതിവായി തിയേറ്ററിൽ എത്താറുണ്ടെന്നും ഇവരുടെ ബൈക്ക് തിയേറ്ററിന്റെ പാർക്കിങ്ങിൽ സ്ഥിരമായി കാണാറുണ്ടെന്നും മനസ്സിലാക്കിയിരുന്നു. പൃഥ്വിരീജിന്റെ ഭാര്യയും നിർമാതാവുമായി സുപ്രിയ മേനോന്റെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. മെയ് 16ന് ആണ് ഗുരുവായൂരമ്പലനടയിൽ റിലീസായത്.
അന്ന് തന്നെ ജെബി സ്റ്റീഫൻരാജ് ഏരീസ് പ്ലസ് തിയേറ്ററിലെത്തുകയും സിനിമ മുഴുവൻ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഏറ്റവും പുറകുവശത്തെ റീക്ലെയ്നർ സീറ്റിൽ കപ്പ് വെക്കുന്ന ഭാഗത്ത് ചെറിയ ട്രൈപോഡ് സ്ഥാപിച്ചാണ് സിനിമ പകർത്തിയത്. പിറ്റേദിവസം തന്നെ ചിത്രം ടെലഗ്രാമിലും എത്തി.
ഇതോടെയാണ് നിർമാതാവായ സുപ്രിയ മേനോൻ കൊച്ചി സൈബർസെല്ലിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് തിയേറ്ററും സിനിമ പകർത്തിയ സമയവും പൊലീസിന് ലഭിച്ചത്. പിന്നീട് റീക്ലെയ്നർ സീറ്റ് ബുക്ക് ചെയ്യുന്നവരെ ജീവനക്കാർ നിരീക്ഷിച്ചുവരികയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സിനിമ പകർത്തിയയാളെക്കുറിച്ച് ഏകദേശവിവരം ലഭിച്ചിരുന്നു.
കുറത്ത് ദിവസങ്ങൾക്ക്മുമ്പ് രായൻ റിലീസ് ചെയ്തപ്പോൾ ഇതേ സീറ്റുകൾ ബുക്ക് ചെയ്ത് ജെബി സ്റ്റീഫൻരാജനും സുഹൃത്ത് സുരേഷും തിയറ്ററിലെത്തി. സംശയം തോന്നിയ തിയറ്റർ ജീവനക്കാർ വഞ്ചിയൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ജെബി സ്റ്റീഫൻരാജിനെ അറസ്റ്റു ചെയ്തു. സുരേഷിന് കൃത്യത്തിൽ പങ്കില്ലെന്ന് മനസിലായതോടെ വിട്ടയച്ചു.
ഏരീസ് പ്ലസ് ഓഡി വൺ സ്‌ക്രീനിന്റെ ഗുണനിലവാരമാണ് സിനിമ പകർത്താനായി മധുരയിൽനിന്ന് തിരുവനന്തപുരത്തെത്താൻ പ്രേരിപ്പിച്ചതെന്ന് സ്റ്റീഫൻരാജ് ചോദ്യംചെയ്യലിൽ പറഞ്ഞു. സിനിമയുടെ വ്യാജപതിപ്പുകൾ ഇറക്കുന്ന തമിൾറോക്കേഴ്സ് എന്ന സൈറ്റിലാണ് ജെബി സിനിമകൾ അപ്ലോഡ് ചെയ്യാറുള്ളത്.
സൈറ്റിന്റെ നടത്തിപ്പുകാരുമായി നേരിട്ട് ബന്ധമില്ല. റോക്കേഴ്‌സിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന ആരെയും തനിക്കറിയില്ലെന്നാണ് ജെബി പോലീസിനോട് പറഞ്ഞത്. ഒരു ലിങ്കിലേയ്ക്ക് ഒരു ചിത്രം പകർത്തി അപ്‌ലോഡ് ചെയ്താൽ 5000 രൂപയാണ് തനിക്ക് ലഭിക്കുന്നതെന്നും ജെബി പോലീസിനോട് പറഞ്ഞിട്ടുണ്ട്.