Malayalam
35 മിനിറ്റ് രാത്രിയും പകലുമായി കോടതിയ്ക്കുള്ളിൽ കയറി ആ ദൃശ്യങ്ങൾ വിവോ ഫോണിലിട്ട് കണ്ട ഉടമ ആരാണ്?
35 മിനിറ്റ് രാത്രിയും പകലുമായി കോടതിയ്ക്കുള്ളിൽ കയറി ആ ദൃശ്യങ്ങൾ വിവോ ഫോണിലിട്ട് കണ്ട ഉടമ ആരാണ്?
നടിയെ ആക്രമിച്ച കേസ് ദിവസം കഴിയും തോറും മാറി മറിയുകയാണ്. കേസിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണത്തിന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതിജീവിതയുടെ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായത്. കേസന്വേഷണം നീണ്ടിക്കൊണ്ടുപോകാനുള്ള അതിജീവിതയുടെ നീക്കമാണിതെന്ന കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദം തള്ളിയായിരുന്നു കോടതി ഉത്തരവിറക്കിയത്. വിചാരണ കോടതി ജഡ്ജിയായ എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിനോടാണ് ഇക്കാര്യത്തിൽ വസ്തുതാ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്. പോലീസ് അടക്കമുള്ള ഏജൻസികളുടെ സഹായം തേടാമെന്നാണ് കോടതി വ്യക്തമാക്കിയത്. കോടതിയുടെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്ന് തവണ തുറന്നിട്ടുണ്ടെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ഇതിന് പിന്നിൽ ആരെന്ന് ഒരു മാസത്തിനുള്ളിൽ കണ്ടെത്തണമെന്നാണ് കോടതി നിർദ്ദേശം. മെമ്മറി കാർഡിൽ എട്ട് ഫയലുകളാണ് ഉള്ളത്. 2018 ജനുവരി ഒന്‍പത് രാത്രി 9.58 നാണ് കാർഡ് ആദ്യമായി തുറന്നത്. അന്ന് വിന്റോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുമായി കാർഡ് ബന്ധിപ്പിച്ചു. ഈ സമയം രണ്ട് ഫയലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമതായി തുറക്കുന്നത് അതേ വർഷം ഡിസംബര്‍ 13-ന് രാത്രി 10.58 നാണ്. 2021 ജൂലായ് 19-ന് പകല്‍ 12.19 നും 12.54 നുമാണ് മൂന്നാമതായി കാർഡ് തുറന്നതായി കണ്ടെത്തിയിട്ടുണ്ട്. ജുലൈ 19 ന് പ്രതിയുടെ അഭിഭാഷകന് വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ 12.19നും 12.54നും ഇടയിൽ പ്രതിയുടെ അഭിഭാഷകൻ വിഡിയോ കണ്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് ഒരു വിവോ ഫോണിൽ ഇട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്. വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സാധാരണ നിലയിൽ 2 മിനിറ്റ് മതി മെമ്മറി കാർഡ് കോപ്പി ചെയ്യാൻ എന്നാൽ 35 മിനിറ്റോളമാണ് ഈ മെമ്മറി കാർഡ് ഫോണിലുണ്ടായിരുന്നത് എന്നാണ് കണ്ടെത്തൽ. ഈ വിവോ ഫോണിന് ഉടമ ആരെന്നതാണ് ഇനി പ്രധാനമായും കണ്ടെത്തേണ്ടത്. കോടതി ജീവനക്കാരാണോ അതോ പുറത്തുനിന്നുള്ളവരാണോ എന്നതായിരിക്കും പോലീസ് അന്വേഷിക്കുക. ടവർ ലൊക്കേഷൻ, ഐ എം ഇ ഐ നമ്പർ എന്നിവ കേന്ദ്രീകരിച്ചെല്ലാം പോലീസ് അന്വേഷണം നടത്തിയേക്കും.
വിചാരണക്കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഇട്ട് പരിശോധിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ മെമ്മറി കാര്‍ഡിലെ നടിയുടെ ദൃശ്യങ്ങളുള്ള ഫോള്‍ഡറുകള്‍ ഈ ഫോണിലിട്ട് തുറന്ന് പരിശോധിച്ചതായി എഫ്എസ്എല്‍ റിപ്പോര്‍ട്ടിലില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. അതായത് ഈ ഫയലുകളുടെ ഹാഷ് വാല്യൂ പരിശോധനയില്‍ മാറിയിട്ടില്ല. എന്നാല്‍ ദൃശ്യം തുറന്ന് നോക്കാതെ തന്നെ മെമ്മറി കാര്‍ഡിന്റെ ദൃശ്യങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് അയക്കാനോ കൈമാറാനോ കഴിയും. വിവോ ഫോണില്‍ ഇട്ട മെമ്മറി കാര്‍ഡിലെ ഫോള്‍ഡറുകള്‍ ഒന്നും തുറക്കാതെ ലോംഗ് പ്രസ് ചെയ്താല്‍ മറ്റൊരു ഫോണിലേക്ക് ഇവ ഷെയര്‍ ചെയ്യാനാകും. നടിയുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ മറ്റൊരു ഫോണിലേക്ക് ടെലഗ്രാം വഴിയോ വാസ്ആപ് വഴിയോ അയച്ചിരിക്കാനുളള സാധ്യതയുമുണ്ട്. അത്തരമൊരു സംശയത്തിലാണ് ക്രൈംബ്രാഞ്ചിപ്പോള്‍. സാധാരണയായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ മെമ്മറി കാര്‍ഡ് ഇട്ടാല്‍ ഇതിലേക്ക് ഒരു ഫോണ്‍ ഡയറക്ടറികൂടി റൈറ്റ് ചെയ്യും. നടിയുടെ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡില്‍ ഇത്തരമൊരു ഫോണ്‍ ഡയറക്ടറി രൂപപ്പെട്ടിട്ടുണ്ട്. അങ്ങനെ രൂപപ്പെട്ട വിവോ ഫോണ്‍ ഡയറക്ടറിയാണ് പരിശോധനയില്‍ കണ്ടെത്തിയത്.
അങ്ങനെയാണ് വിവോ ഫോണിലിട്ടാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് തിരിച്ചറിഞ്ഞത്. മെമ്മറി കാര്‍ഡില്‍ റൈറ്റ് ചെയ്യപ്പെട്ട പുതിയ ഫോള്‍ഡറില്‍ വിവോ ഫോണ്‍ വിവരങ്ങള്‍, ജിയോ നെറ്റുവര്‍ക്ക് ആപ്ലിക്കേഷന്‍, വാട്‌സ് ആപ്, ടെലഗ്രാം അടക്കമുള്ളവയുണ്ട്. എന്നാല്‍ ഇത്രൊയക്കെ വിവരങ്ങള്‍ കിട്ടിയ സ്ഥിതിക്ക് ആരുടെ ഫോണിലാണ് ഉപയോഗിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നാണ് സൈബര്‍ വിദഗ്ധരും പറയുന്നത്. വിവോ ഫോണ്‍ ഉപയോഗിച്ച് താന്‍ ദൃശ്യം കണ്ടിട്ടില്ലെന്ന് മജിസ്‌ടേറ്റ് ആരോപണം ഉയർന്നപ്പോൾ തന്നെ വ്യക്തമാക്കിയതോടെ കോടതിയുടെ പക്കലിരുന്ന മെമ്മറി കാര്‍ഡ് ഉപയോഗിച്ചതില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തപ്പെടുന്നത്.