Connect with us

പൊങ്കാലയിൽ ഉപേക്ഷിക്കുന്ന ചുടുകട്ടകൾ കൊണ്ട് വീടില്ലാത്തവർക്ക് വീട് നൽകി മാതൃകയാകാനൊരുങ്ങി കോർപറേഷൻ

Malayalam Breaking News

പൊങ്കാലയിൽ ഉപേക്ഷിക്കുന്ന ചുടുകട്ടകൾ കൊണ്ട് വീടില്ലാത്തവർക്ക് വീട് നൽകി മാതൃകയാകാനൊരുങ്ങി കോർപറേഷൻ

പൊങ്കാലയിൽ ഉപേക്ഷിക്കുന്ന ചുടുകട്ടകൾ കൊണ്ട് വീടില്ലാത്തവർക്ക് വീട് നൽകി മാതൃകയാകാനൊരുങ്ങി കോർപറേഷൻ

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. പൊങ്കാലയൊരുക്കങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. ഈ അവസരത്തിൽ പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീടുനിര്‍മിക്കാന്‍ നല്‍കുന്ന പദ്ധതി വിപുലമാക്കാനുള്ള ശ്രമവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. ഇതിനുള്ള അപേക്ഷകള്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്വീകരിച്ചു തുടങ്ങി. കോര്‍പ്പറേഷന്റെ ഭവനനിര്‍മാണ സഹായപദ്ധതി ഉപയോഗിച്ച് വീടു നിര്‍മിക്കുന്നവര്‍ക്കാണ് കട്ടകള്‍ നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ കട്ടകള്‍ ശേഖരിച്ച് വിതരണം ചെയ്തത്. വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള പ്രധാന വീഥിയിലെ ഇഷ്ടികകള്‍ ശേഖരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സന്നദ്ധപ്രവര്‍ത്തകരും പൊതുജനങ്ങളും മറ്റു പല സ്ഥലങ്ങളില്‍നിന്ന് ഇഷ്ടികകള്‍ ശേഖരിച്ച് നഗരസഭയ്ക്കു കൈമാറി.

ഇത്തരത്തില്‍ ശേഖരിച്ച ഇഷ്ടികകള്‍ 13 പേര്‍ക്കാണ് വിതരണം ചെയ്തത്. ആ ഇഷ്ടികകള്‍ ഉപയോഗിച്ചുള്ള വീടുനിര്‍മാണം പൂര്‍ത്തീകരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം ശേഖരിച്ച ഇഷ്ടികകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്റെ നേതൃത്വത്തില്‍ വഴിയോരത്ത് ഇന്‍സ്റ്റലേഷനുകള്‍ തീര്‍ത്തു. തുടര്‍ന്നാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.

എന്നാല്‍, ഇത്തവണ പൊങ്കാല കഴിഞ്ഞ ഉടന്‍ തന്നെ കട്ടകള്‍ ശേഖരിച്ച് അപ്പോള്‍ത്തന്നെ അപേക്ഷകര്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവര്‍ പൊങ്കാല ദിവസത്തിന് മുമ്പുതന്നെ അപേക്ഷകള്‍ നല്‍കണം. ഇത്തവണ നഗരസഭ തൊഴിലാളികള്‍ക്കൊപ്പം 250 താത്കാലിക തൊഴിലാളികളെയും കട്ടകള്‍ ശേഖരിക്കുന്നതിന് നിയോഗിച്ചിട്ടുണ്ട്. പ്രധാന റോഡുകളില്‍നിന്ന് ഇടറോഡുകളില്‍ നിന്നുമെല്ലാം പരമാവധി കട്ടകള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഭക്തജനങ്ങളും കോര്‍പ്പറേഷന്റെ ഈ പദ്ധതിയോട് സഹകരിക്കണമെന്ന് മേയര്‍ വി.കെ.പ്രശാന്ത് അഭ്യര്‍ഥിച്ചു. പൊങ്കാലയ്ക്കുശേഷം ഇഷ്ടികകള്‍ പൊട്ടിപ്പോകാതെ റോഡില്‍ നിന്നുമാറ്റി ഏതെങ്കിലും ഒരു സ്ഥലത്ത് അടുക്കി സൂക്ഷിക്കണം. സന്നദ്ധപ്രവര്‍ത്തകരും റസിഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ഈ പരിപാടിയുമായി സഹകരിക്കണം. കഴിഞ്ഞ തവണത്തെപ്പോലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാരും ഹരിതസേന പ്രവര്‍ത്തകരും നഗരത്തിലെ ചില സന്നദ്ധസംഘടനകളും ഈ പരിപാടിയില്‍ അണിചേരുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

ആറ്റുകാൽ പൊങ്കാല കലാ പരിപാടികളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മമ്മൂട്ടി ഉദ്‌ഘാടനം ചെയ്തിരുന്നു.

bricks of attukal pongala used to build houses

More in Malayalam Breaking News

Trending

Recent

To Top