Connect with us

‘കുഴഞ്ഞു വീണു മരണം’ ; നിസ്സാരമായി തള്ളിക്കളയുന്നത് മരണത്തിലേയ്ക്ക് വഴിവയ്ക്കാം

Health

‘കുഴഞ്ഞു വീണു മരണം’ ; നിസ്സാരമായി തള്ളിക്കളയുന്നത് മരണത്തിലേയ്ക്ക് വഴിവയ്ക്കാം

‘കുഴഞ്ഞു വീണു മരണം’ ; നിസ്സാരമായി തള്ളിക്കളയുന്നത് മരണത്തിലേയ്ക്ക് വഴിവയ്ക്കാം

കുഴഞ്ഞുവീണു മരണം ഇപ്പോൾ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. വാർത്തകളുടെ തലക്കെട്ടുകളിൽ പലപ്പോഴും ‘കുഴഞ്ഞു വീണുമരിച്ചു’ എന്നു നാം കാണാറുമുണ്ട്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാം, ഓട്ടൻതുള്ളൽ കലാകാരൻ ഗീതാനന്ദൻ, പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ, സാഹിത്യനിരൂപകൻ എം. എൻ വിജയൻ എന്നിവരുടെയൊക്കെ മരണവും പെട്ടെന്നുള്ള കുഴഞ്ഞു വീണ് ആയിരുന്നു. 

ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രധാനമായും ഇത്തരം മരണങ്ങൾക്കു പിന്നിൽ. ഹൃദയത്തിന്റെ രക്തക്കുഴലുകൾക്ക് പ്രശ്നങ്ങളുണ്ടാകുക, ഹൃദയത്തിന്റെ മസിലുകൾക്ക് ബലക്ഷയമുണ്ടാകുക (കാർഡിയോ മയോപ്പതി), ജൻമനാതന്നെ ഹൃദയത്തിന്റെ രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്നു നിന്നു പോകുക, നെഞ്ചിടിപ്പിന്റെ താളം തെറ്റുക എന്നിവയാണ് ഹൃദയത്തെ ബാധിക്കാവുന്ന പ്രധാന പ്രശ്നങ്ങൾ. പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് ചില രോഗലക്ഷണങ്ങൾ കണ്ടെന്നിരിക്കാം. എന്നാൽ ഇവ പലരും നിസ്സാരമായി അവഗണിക്കുന്നതാണ് മരണത്തിലേക്കു നയിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ചികിൽസ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണ്. 

ഹൃദയതാളം തെറ്റുക (കാർഡിയാക് അരത്മിയാസ്) ഹൃദയാഘാതത്തിലേക്കു നയിക്കുന്നതിൽ പ്രധാന കാരണമാണ്. ഇടതു വെൻട്രിക്കിൾ മിടിക്കുമ്പോഴാണ് ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യപ്പെടുന്നത്. ഈ പമ്പിങ്ങിന്റെ താളം തെറ്റുമ്പോഴാണ് ഹൃദയതാളം തെറ്റുന്ന അവസ്ഥ ഉണ്ടാകുന്നത്. ഹൃദയത്തിൽ കുറച്ച് ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കുന്നുണ്ട്. ആ ഇലക്ട്രിസിറ്റി ഇടത് വെൻട്രിക്കിളിലേക്ക് എത്തും. ആ എനർജി ഉപയോഗിച്ചാണ് വെൻട്രിക്കിൾ മിടിക്കുന്നത്. ഈ ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റിക്ക് എന്തെങ്കിലും തകരാറു സംഭവിച്ചാൽ ഹൃദയത്തിന്റെ താളം തെറ്റും. ഹൃദയത്തിന്റെ മസിലുകൾക്ക് വലുപ്പം കൂടുന്നത് ഇതിലേക്കു നയിക്കാം. പ്രധാനമായും അത്‌ലീറ്റുകളുടെ കുഴഞ്ഞുവീണു മരണത്തിനു പിന്നിൽ കാർഡിയോ മയോപ്പതി എന്ന ഈ അവസ്ഥയാകാം. ശക്തമായ ഹൃദയാഘാതം വരുമ്പോൾ ഹൃദയതാളം തെറ്റാം.

ഇലക്ട്രോലൈറ്റ് ഇംബാലൻസ് അതായത് സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങളുടെ അസന്തുലിതാവസ്ഥ ഉണ്ടായി കുഴഞ്ഞുവീഴാം. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുമ്പോൾ നിർജലീകരണം സംഭവിക്കുക, വേനൽക്കാലത്ത് വിയർ‌പ്പു കൂടി ഡിഹൈഡ്രേഷൻ സംഭവിക്കുക ഇങ്ങനെ വരുമ്പോൾ സോഡിയം, പൊട്ടാസ്യം ലവണങ്ങളുടെ അളവിൽ വ്യത്യാസം വരാം. പൊട്ടാസ്യം കൂടിയാൽ ഹൃദയം പെട്ടെന്നു നിന്നുപോകും. 
അരോട്ടിക് സ്റ്റെനോസിസ് എന്ന പ്രശ്നമുള്ളവരിലും കുഴഞ്ഞുവീണു മരണം സംഭവിക്കാം. മഹാധമനിക്കു ചുവട്ടിലുള്ള അരോട്ടിക് വാൽവിനു ചുരുക്കമുണ്ടായി ഹൃദയത്തിലേക്ക് ആവശ്യത്തിനു രക്തം എത്താതെ വരുകയും കുഴഞ്ഞുവീണു മരിക്കുകയും ചെയ്യാം. ഹൃദയമിടിപ്പ് ഹൃദയാരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. മിടിപ്പിലെ വ്യത്യാസം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മദ്യപാനം, ഡ്രഗുകളുടെ അമിതോപയോഗം എന്നിവ ഹൃദയമിടിപ്പിൽ വ്യത്യാസം വരുത്തുന്ന കാര്യങ്ങളാണ്. 
മസ്തിഷ്കാഘാത സംബന്ധമായ കാര്യങ്ങൾ, ഷുഗർ കുറഞ്ഞു ബോധം കെട്ടു വീഴുന്നവർ, അപസ്മാര സംബന്ധമായ പ്രശ്നങ്ങൾ, സ്ട്രോക്ക് മൂലം വരുന്ന പാരലൈസിസ് കാരണമുള്ള വീഴ്ച, ചെവിയുടെ ബാലൻസ് തെറ്റി തലകറക്കം എന്നിയുമൊക്കെ പെട്ടെന്നുള്ള കുഴഞ്ഞുവീഴലിൽ വരുന്നതാണ്. 

പ്രമേഹരോഗികൾ, കൊളസ്ട്രോൾ ഉള്ളവർ, തൈറോയ്ഡ് പ്രശ്നമുള്ളവർ ഒക്കെ നടക്കുമ്പോൾ നെഞ്ചുവേദന, ശ്വാസംമുട്ട്, ക്ഷീണം, നെഞ്ചിടിപ്പ് കൂടുക ഇങ്ങനെയൊക്കെ കണ്ടാൽ എത്രയും പെട്ടെന്നു ചികിൽസ തേടണം. ഹൃദയസംബന്ധമായ രോഗങ്ങളെ സംബന്ധിച്ച് എത്രയും പെട്ടെന്നു ചികിൽസ തേടുന്നുവോ അത്രയും റിസ്ക് കുറഞ്ഞിരിക്കും. 

വോട്ടു ചെയ്യാൻ ക്യൂ നിന്നവർ കുഴഞ്ഞു വീണു മരിക്കുന്നതും വാർത്തകളിൽ കാണാറുണ്ട്. ഇതിനു പിന്നിലെ കാരണം കാലുകളിലെ രക്തയോട്ടം പ്രശ്നമാകുന്നതാണ്. ഗ്രാവിറ്റിക്ക് വിപരീതമായി കാലുകളിൽ മുകളിലോട്ട് രക്തം പമ്പു ചെയ്യണം. നടക്കുമ്പോഴും ഓടുമ്പോഴുമൊക്കെ കാലിലെ പേശികൾ സാധാരണ ഒരു പമ്പു പോലെ പ്രവർത്തിക്കും. എന്നാൽ ഒരേ നിൽപ്പ് മണിക്കൂറുകളോളം നിൽക്കുമ്പോൾ കാലിലെ അശുദ്ധരക്തം അവിടെ കെട്ടിക്കിടക്കുകയും അതു മുകളിലേക്കു പമ്പ് ചെയ്യാതെ വരികയും ചെയ്യും. ഇവിടെ ഓക്സിജനേഷൻ വളരെ കുറച്ചേ നടക്കൂ. ഓക്സിജൻ കുറഞ്ഞ അളവിലുള്ള രക്തമേ ഇത്തരം സാഹചര്യങ്ങളിൽ തലച്ചോറിലേക്ക് എത്തുകയുള്ളു. 

Continue Reading
You may also like...

More in Health

Trending

Recent

To Top