ശരത് എന്ന വ്യക്തിയെ ഇതൊന്നും ബാധിക്കില്ല… ഇതിനേക്കാള്‍ വലിയ അഗ്നി പരീക്ഷകളിലൂടെ കടന്നുപോയതാണ് ജീവിതം
അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശരത്. അപ്പാനി എന്ന കഥാപാത്രത്തിന്റെ പേരിലാണ് ശരത് കൂടുതലായും അറിയപ്പെടുന്നത്. ജിമിക്കി കമ്മൽ ഗാനവും ശരത്തിനെ ശ്രദ്ധേയനാക്കിയിട്ടുണ്ട്
ഇപ്പോൾ ഇതാ നായകന് വേണ്ട രൂപ ഗുണം തനിക്കില്ലെന്ന് പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി നടന് അപ്പാനി ശരത്. ഇത്തരം വിമര്‍ശനങ്ങളൊന്നും തന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തില്ലെന്നും തന്നിലെ വ്യക്തിയെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. വാശി തോന്നാന്‍ കാരണം തിരസ്കരിക്കപ്പെട്ട അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായത് കൊണ്ടാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്.
അപ്പാനി ശരതിന്റെ വാക്കുകള്‍
ഞാന്‍ നായകനായി അഭിനയിച്ച സമയത്ത് ഒരുപാട് പരിഹാസങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇവനാണോ നടന് ഇവനെ എന്തിന് കൊള്ളാം എന്നതരത്തില്‍ . പരിഹസിക്കുന്നവരോട് പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. ശരത് എന്ന വ്യക്തിയെ ഇതൊന്നും ബാധിക്കില്ല. ഇതിനേക്കാള്‍ വലിയ അഗ്നി പരീക്ഷകളിലൂടെ കടന്നുപോയതാണ് ജീവിതം.
എന്റെ പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ വിമര്‍ശിച്ചോളൂ ഞാന്‍ നന്നാക്കാന്‍ ശ്രമിക്കും പക്ഷേ നീ ഒന്നും ആകേണ്ട എന്ന മനോഭാവമാണെങ്കില്‍ ആ വിമര്‍ശനങ്ങളെ ഞാന്‍ പരിഗണിക്കുന്നില്ല.
