Malayalam
ലാലിനൊപ്പം അഭിനയിക്കുമ്പോൾ ചില കാര്യങ്ങൾ സൂക്ഷിക്കണം! സൂക്ഷിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന് തുറന്ന് പറഞ്ഞ് ജഗദീഷ്
ലാലിനൊപ്പം അഭിനയിക്കുമ്പോൾ ചില കാര്യങ്ങൾ സൂക്ഷിക്കണം! സൂക്ഷിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന് തുറന്ന് പറഞ്ഞ് ജഗദീഷ്
മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, ട്വൽത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് നേര്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാവുന്നത്. മോഹൻലാൽ വീണ്ടും അഭിഭാഷക വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്.
ഇപ്പോഴിതാ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ജഗദീഷ്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ജഗദീഷ് പറയുന്നത്. മറ്റുള്ള താരങ്ങളെ പോലെയല്ല മോഹൻലാൽ എന്നാണ് ജഗദീഷ് പറയുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാവുമെന്നാണ് ജഗദീഷ് പറയുന്നത്.
‘ലാലിനൊപ്പം അഭിനയിക്കുമ്പോൾ ചില കാര്യങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്. ഷോട്ടിന് മുൻപ് ലാൽ താമശകളൊക്കെ പറയും. പക്ഷേ ആ താമശകളൊക്കെ കേട്ട് ആസ്വദിച്ച് അതിൽ വീണ് നമ്മുടെ ഡയലോഗുകൾ പറയാൻ മറക്കരുത്’ ജഗദീഷ് പറയുന്നു. ‘നമ്മൾ ഷോട്ടിന് തയ്യാറായി ഇരിക്കണം. ലാൽ എപ്പോഴേ ഒരുങ്ങിയിട്ടുണ്ടാകും. സ്‌റ്റാർട്ട് ക്യാമറ എന്ന് പറയുമ്പോഴേക്കും ലാൽ എന്തിനും തയ്യാറായിരിക്കും. നമ്മൾ ആ തമാശയിൽ നിന്ന് പോയാൽ പിന്നെ കാര്യം നടക്കില്ല’ താരം കൂട്ടിച്ചേർത്തു.
ആ തമാശകൾ ആസ്വദിക്കുമ്പോഴും ഷോട്ടിലെ അടുത്ത ഡയലോഗ് എന്താണെന്ന ചെറിയ ബോധ്യമെങ്കിലും വേണം. ഇല്ലെങ്കിൽ പറ്റില്ല. ലാലുമായി സൗഹൃദം ഉള്ളവർക്കേ ഇക്കാര്യം അറിയുകയുള്ളൂ. എത്രയൊക്കെ തമാശ പറഞ്ഞാലും ലാൽ ഷോട്ടിലേക്ക് കയറുമെന്ന് ഉറപ്പുണ്ടെന്നും ജഗദീഷ് വ്യക്തമാക്കി.
