റിവ്യൂ ബോംബിങ് തടയാൻ പ്രത്യേക വെബ്പോർട്ടൽ!! നിർദേശങ്ങളിൽ വിശദ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി
സിനിമ റിലീസിന് പിന്നാലെ ഓൺലൈൻ-യൂട്യൂബ് വ്ളോഗർമാർ നടത്തുന്ന മോശം റിവ്യൂകൾ തടയുന്നതിന് സിനിമാപ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാൻ വെബ്പോർട്ടലടക്കം വേണമെന്നുളള നിർദേശങ്ങളിൽ വിശദ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി നിർദേശിച്ചു. റിവ്യൂ ബോംബിങ് തടയാനുളള നിർദേശങ്ങൾ നൽകുന്ന പ്രോട്ടൊക്കോൾ സംസ്ഥാന പൊലീസ് മേധാവി മുൻപ് കോടതിയിൽ നൽകിയിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറി അഡ്വ. ശ്യാംപത്മനോട് നിർദേശിച്ചത്.
2023 സെപ്റ്റംബർ മാസം റിലീസിനെത്തിയ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുബീൻ റൗഫ്. സിനിമ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ കാണുക പോലും ചെയ്യാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്നാണ് ഹർജിയിലെ മുബീൻ റൗഫിന്റെ ആവശ്യം . റിലീസിന് മുൻപ് സിനിമയുടെ നിർമ്മാതാവിനെയും പിന്നണി പ്രവർത്തരെയും വിളിച്ച് നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ സിനിമ റിവ്യൂവിന് മാർഗ്ഗനിർദേശങ്ങൾ കൊണ്ടുവരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.