Bollywood
മരത്തെ വിവാഹം കഴിച്ചോ, നിങ്ങൾക്ക് ജാതക ദോഷമുണ്ടോ? ഒടുവിൽ ഐശ്വര്യ ആ സത്യം തുറന്ന് പറഞ്ഞത് ഇങ്ങനെ…
മരത്തെ വിവാഹം കഴിച്ചോ, നിങ്ങൾക്ക് ജാതക ദോഷമുണ്ടോ? ഒടുവിൽ ഐശ്വര്യ ആ സത്യം തുറന്ന് പറഞ്ഞത് ഇങ്ങനെ…
അഭിഷേകും ഐശ്വര്യയും കഴിഞ്ഞ കുറച്ച് നാളുകളായി അകന്നാണ് താമസമെന്നാണ് അടുത്തിടെയായി വരുന്ന റിപ്പോർട്ടുകൾ. ഐശ്വര്യ ബച്ചൻ ഹൗസിലെ താമസം അവസാനിപ്പിച്ചുവെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ. എന്നാൽ കേട്ടതൊന്നും സത്യമാകരുതെന്നാണ് ആരാധകരുടെ പ്രാർത്ഥന. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ ചൂടുപിടിക്കുന്ന സാഹചര്യത്തിൽ ഇരുവരുടെയും വിവാഹസമയത്ത് പ്രചരിച്ച ചില ഗോസിപ്പുകളോട് ഐശ്വര്യ എങ്ങനെയാണ് പ്രതികരിച്ചതെന്നതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
ജാതകദോഷം മാറ്റാൻ അഭിഷേകിന് മുമ്പ് ഒരു മരത്തിനെ ഐശ്വര്യ വിവാഹം ചെയ്തുവെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹത്തിന് മുമ്പ് ജാതക ദോഷം മാറ്റാനായി ചെയ്ത് വന്നിരുന്ന പുരാതന ആചാരമാണ് ഇത്. കേരളത്തിൽ ഇത് വാഴക്കല്യാണമെന്ന പേരിലാണ് അറിയപ്പെടുന്നത്. ജന്മനക്ഷത്രത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ദോഷങ്ങളുള്ള സ്ത്രീകളും പുരുഷന്മാരുമാണ് ഈ പൂജ ചെയ്യേണ്ടത്. രാഹു-ശുക്രൻ, രാഹു- ബുധൻ, രാഹു-ശനി എന്നിങ്ങനെയുള്ള കോമ്പിനേഷനുകൾ ജാതകത്തിലുണ്ടെങ്കിൽ ഇണയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതുകൊണ്ട് തന്നെ യഥാർത്ഥ വിവാഹത്തിന് മുമ്പായി വാഴയെ വധുവായും വരനായും കണക്കാക്കി വിവാഹങ്ങൾ നടത്താറുണ്ട്. ഐശ്വര്യ-അഭിഷേക് വിവാഹ സമയത്ത് ഇത്തരത്തിൽ നിരവധി റൂമറുകൾ പ്രചരിച്ചിരുന്നു. പിന്നീട് എൻഡിഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇതിനോടെല്ലാം ഐശ്വര്യ പ്രതികരിക്കുകയും ചെയ്തിരുന്നു. ചില റൂമറുകൾ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു പലതും. വിദേശ രാജ്യങ്ങളിൽ പോലും അതേക്കുറിച്ച് ചോദ്യങ്ങളുണ്ടായി. മരത്തെ വിവാഹം കഴിച്ചുവെന്ന് തുടങ്ങി പലതും ഉണ്ടായിരുന്നു. അതൊക്കെ വളരെ അനാവശ്യമാണെന്ന് തോന്നി. പ്രൈം ടൈം ന്യൂസും പത്രങ്ങളും മാഗസിൻ കവർ സ്റ്റോറികളുമൊക്കെ അതിൽ പ്രാധാന്യം കൊടുക്കുന്നത് അനാവശ്യമാണെന്ന് തോന്നി.’
‘ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ അന്ന് ഒന്നിച്ച് നിന്നു. എപ്പോഴും പൊതുജനശ്രദ്ധ ലഭിക്കുന്നവരാണ് ഞങ്ങൾ. വേണമെങ്കിൽ ഞങ്ങൾക്ക് തന്നെ ഇതിൽ പ്രതികരിക്കാം. പക്ഷെ അങ്ങനെ എടുത്ത് ചാടുന്നതിന് പകരം കുടുംബത്തിന്റെ കാരണവർ എന്ന നിലയിൽ അച്ഛനെ ഉൾപ്പെടുത്തി. വിവാഹത്തിന് ശേഷം അധികം വൈകാതെ തന്നെ മാധ്യമങ്ങളെ കണ്ട് വിവാഹം സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി.’ ‘വാർത്തകൾ വളരെ ഞെട്ടിക്കുന്നതായിരുന്നു. ഇതൊക്കെ കടന്നുപോകും എന്നാണ് ചിന്തിച്ചത്. എന്നാൽ കൂടി വരുകയാണുണ്ടായത്. വിദേശത്തേക്ക് പോയപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. അവിടെ മാധ്യമങ്ങളോട് സംസാരിക്കവെ നിങ്ങൾ മരത്തെ വിവാഹം കഴിച്ചോ, നിങ്ങൾക്ക് ജാതക ദോഷമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾ വരാൻ തുടങ്ങി. ഇതിനൊക്കെ എങ്ങനെ മറുപടി പറയുമെന്ന് ചിന്തിച്ചൂവെന്നാണ്’, വിവാഹത്തിന് പ്രചരിച്ച ഗോസിപ്പുകളെ കുറിച്ച് സംസാരിക്കവെ ഐശ്വര്യ പറഞ്ഞത്.