Uncategorized
പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും
പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽ കുമാർ ഇന്ന് വിചാരണക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും. കേസിലെ വിചാരണ അനന്തമായി നീളുന്നതിൽ കഴിഞ്ഞദിവസം സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു . വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ സുനിയുടെ അപേക്ഷ പരിഗണിക്കാനാണ് സാധ്യത. കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കുന്നതോടെ പൾസർ സുനിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയും. പൾസർ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് നിർദേശിച്ചത്. ഇതിന്‍റെ ഭാഗമായി ആണ് ഇന്ന് വിചാരണ കോടതിയിൽ പൾസർ സുനി അപേക്ഷ നൽകുന്നത്. വിചാരണ കോടതിയാണ് ജാമ്യ ഉപാധികൾ നിശ്ചയിക്കുക. അതിനാൽ കർശന ഉപാധികൾക്കായി സർക്കാരിന്റെ വാദമുമുണ്ടാകും. സുനി നിലവിൽ എറണാകുളം സബ്ജയിലിൽ റിമാൻഡിലാണ്. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് സുനിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കല്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്തിമവാദം കേള്‍ക്കാന്‍ ഇരിക്കെയാണ് പള്‍സര്‍ സുനി ജയില്‍ മോചിതനാകുന്നത്. ഇതിന് പുറമേ തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. പൾസർ സുനി ഇക്കഴിഞ്ഞ ഏഴര വർഷത്തിനിടയിൽ ഹൈക്കോടതിയിൽ മാത്രം പത്തിലേറെ തവണ ജാമ്യഹർജി നൽകി. മൂന്നാം തവണയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ, തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിനു ഹൈക്കോടതി പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ചു. ഒരു ജാമ്യഹർജി തള്ളി 3 ദിവസം കഴിഞ്ഞപ്പോൾ അതേ കാരണങ്ങൾ നിരത്തി വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണു പിഴ വിധിച്ചത്. ഇത്തരത്തിൽ തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യുന്നിനു സഹായിക്കാൻ പൾസർ സുനിക്ക് പിന്നിൽ ആരോ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണു സുനി സുപ്രീം കോടതിയെ സമീപിച്ചത്.