പരിധികളില്ലാതെ എല്ലാവരേയും സ്നേഹിക്കാനുള്ള അമ്മയുടെ കഴിവ് എന്നെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കാറുണ്ട്!! മുത്തച്ഛന്റെ ‘ബെസ്റ്റി’ആശയ്‌ക്കൊപ്പം കുഞ്ഞാറ്റ
മനോജ് കെ. ജയന്റെ ഭാര്യ ആശയ്ക്ക് ജന്മദിനാശംസകൾ പങ്കുവച്ച് മനോജിന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ. ആശയ്ക്കൊപ്പമുള്ള വിഡിയോയും ചിത്രങ്ങളും സഹിതമാണ് കുഞ്ഞാറ്റയുടെ ജന്മദിനാശംസ. കുഞ്ഞാറ്റയും ആശയും തമ്മിലുള്ള മനോഹരവും ഊഷ്മളവുമായ ബന്ധം വെളിപ്പെടുത്തുന്നതായിരുന്നു കുഞ്ഞാറ്റ പങ്കുവച്ച വിഡിയോയും ചിത്രങ്ങളും. മുത്തച്ഛന്റെ ‘ബെസ്റ്റി’ ആയിരുന്നു ആശയെന്ന് കുഞ്ഞാറ്റ പറയുന്നു.
‘‘അമ്മയ്ക്ക് ജന്മദിനാശംസകൾ. ഇന്നത്തെ ദിവസം അമ്മയ്ക്ക് ഏറ്റവും മികച്ച ദിവസമായിരിക്കട്ടെ! പരിധികളില്ലാതെ എല്ലാവരേയും സ്നേഹിക്കാനുള്ള അമ്മയുടെ കഴിവ് എന്നെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കാറുണ്ട്, ഉമ്മ. എന്റെ മുത്തച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരീ, നിങ്ങളെ ഞങ്ങളെല്ലാം സ്നേഹിക്കുന്നു.’’– കുഞ്ഞാറ്റ സമൂഹമാധ്യമത്തിൽ കുറിച്ചു. നടൻ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായാ കെ.ജി. ജയൻ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പൊട്ടിക്കരയുന്ന ആശയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആശയുടെ ദുഃഖപ്രകടനത്തിന് എതിരെ വലിയ രീതിയിലുളള സൈബര്‍ ആക്രമണവുമുണ്ടായി. ഇതിനെതിരെ, ശക്തമായ ഭാഷയിൽ മനോജ് കെ.ജയനും പ്രതികരിച്ചിരുന്നു.
ചെറുപ്പത്തിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് മനോജിന്റെ അച്ഛൻ സ്വന്തം അച്ഛനെപ്പോലെയായിരുന്നു. അവരുടെ ബന്ധത്തിന്റെ ഊഷ്മളത വ്യക്തമാക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം മനോജും പങ്കുവച്ചിരുന്നു. അതിനിടയിലാണ് ആശയെ ‘മുത്തച്ഛന്റെ ബെസ്റ്റി’ എന്നു വിശേഷിപ്പിച്ച് കുഞ്ഞാറ്റയും എത്തിയത്. കെ.ജി ജയനും ആശയും ഒന്നിച്ചുള്ള ചിത്രങ്ങൾ കുഞ്ഞാറ്റയും പങ്കുവച്ചു. മനോജ് കെ. ജയനും ആശയ്ക്കും അമൃത് എന്ന ആൺകുട്ടി ആണ് ഉള്ളത്. ആശയ്ക്ക് ആദ്യ വിവാഹത്തിൽ ശ്രേയ എന്നൊരു മകളുണ്ട്. മൂന്നു മക്കളെയും ഒരുപോലെ സ്നേഹിക്കാൻ ആശയ്ക്ക് കഴിയാറുണ്ട് എന്നാണ് കുഞ്ഞാറ്റ പലപ്പോഴായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്.
