പകരം വയ്ക്കാനില്ലാത്ത ഒരു ശൂന്യത എന്റെ ആത്മാവിൽ അവശേഷിപ്പിച്ചാണ് നീ മടങ്ങുന്നത്… അന്തരിച്ച യുവനടൻ സുജിത്ത് രാജേന്ദ്രന് ഹൃദയത്തിൽ തൊടുന്ന അന്ത്യാഞ്ജലിയുമായി നടി സുരഭി സന്തോഷ്
അന്തരിച്ച യുവനടൻ സുജിത്ത് രാജേന്ദ്രന് ഹൃദയത്തിൽ തൊടുന്ന അന്ത്യാഞ്ജലിയുമായി നടി സുരഭി സന്തോഷ്. പകരം വയ്ക്കാനില്ലാത്ത ഒരു ശൂന്യത എന്റെ ആത്മാവിൽ അവശേഷിപ്പിച്ചാണ് നീ മടങ്ങുന്നത്. എന്റെ പ്രിയപ്പെട്ട ബൂ, നീയും നിന്റേതായ മധുരതരമായ വ്യക്തി പ്രഭാവലയവും എന്റെ മാത്രമല്ല നിന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാവരുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട്. പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് നീ ഈ ലോകം വിട്ടു പോകുന്നത്. നിന്നെ കുറിച്ച് ഓർക്കുമ്പോഴെല്ലാം അറിയാതെ എന്റെ കണ്ണുകൾ നിറയുന്നു. കാരണം നീ ഇങ്ങനെ പോകാൻ പാടില്ലാത്തതായിരുന്നു. ഇനിയും കാലങ്ങളോളം നീ ഇവിടെ എന്നോടൊപ്പം ഉണ്ടായിരിക്കേണ്ടതായിരുന്നു. നീ സുന്ദരമായി വാർധക്യം പ്രാപിക്കുന്നതും കഠിനമായി പൊരുതി നിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതും കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇനി ഞാൻ ആരെയാണ് ‘ബൂ’ എന്ന് വിളിക്കുന്നത്? ഞാൻ കണ്ണ് നീറുന്നതുവരെ ചിരിക്കാൻ വേണ്ടി മണ്ടൻ തമാശകൾ പറയാൻ ഇനി ആരുണ്ട്? നിന്റെ മഹത്വം ഈ ലോകം അറിയണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഴിവുള്ളവരിൽ ഒരാളാണ് നീ. ഗായകൻ, നർത്തകൻ, നടൻ, വാഗ്മി, നല്ല മനുഷ്യൻ എന്ന നിലയിൽ നിന്നെക്കാൾ നല്ലൊരാളെ ഞാൻ കണ്ടുമുട്ടിയിട്ടില്ല. നിന്നെ പരിചയമില്ലാത്തവർക്ക് ഇതൊന്നും അറിയില്ലായിരിക്കും, പക്ഷേ എന്റെ ബൂ, നിന്നെ അറിയുന്നവരിൽ നീ എന്നെന്നും ജീവിക്കും.
സുജിത്ത് രാജ് കൊച്ചുകുഞ്ഞ്, നിന്നെ അറിയാവുന്നവർ ആഘോഷിക്കുന്ന ഒരു പവർ ഹൗസാണ് നീ. ഒരു പക്ഷേ ഇൻഡസ്ട്രി നിന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അടുത്തറിയാവുന്നവർക്ക് മിന്നിത്തിളങ്ങുന്ന ഒരു താരമാണ് നീ. ഇനി ഇപ്പോൾ നീ സ്വർഗത്തെ പ്രകാശമാനമാക്കേണ്ട സമയമാണ് എന്ന് എനിക്ക് തോന്നുന്നു. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കും എന്റെ പ്രിയപ്പെട്ട ബൂ.’’–സുരഭി വിഷ്ണു കുറിച്ചു.
