നന്ദനയ്ക്ക് ശേഷം ദത്തെടുക്കൽ വേണ്ടന്ന് വെച്ചത് ആ ഒരൊറ്റ കാരണം കൊണ്ട്.. കണ്ണുനിറച്ച് ആ വെളിപ്പെടുത്തൽ
കെ.എസ് ചിത്ര … മലയാളിയുടെ പല തലമുറകൾക്ക് ഏറ്റവും പ്രിയപ്പെട്ട പേര്.. ആ ഗാനപ്രപഞ്ചത്തിലൂടെ ഒരു ദിവസം ഒരൊറ്റ തവണയെങ്കിലും കടന്നുപോകാതെ ഒരു ദിവസം പൂർണമാകാറില്ല…അത്രയേറെ ജീവിതത്തിൽ അലിഞ്ഞുപോയൊരു സ്വരമാണത്. ഇന്ത്യൻ സംഗീത ലോകത്ത് മലയാളത്തിന്റെ അഭിമാനമായി മാറിയ ഗായിക. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും വേദനയിലുമെല്ലാം കൂട്ടായി ചിത്രയുടെ ശബ്ദമുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തിന്റെ വാനമ്പാടിയായി ചിത്രയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, ഒറിയ എന്നിങ്ങനെ വിവിധ ഭാഷകളിൽ പാടി പ്രതിഭ തെളിയിച്ചിട്ടുണ്ട് ചിത്ര.
കരിയറിൽ കൈനിറയെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും മലയാളത്തിന്റെ വാനമ്പാടിയെ തേടി എത്തിയിട്ടുണ്ട്. എന്നാൽ ഇതിനേക്കാളേറെ ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ ഒന്നായിരുന്നു ഏക മകൾ നന്ദന. മകളുടെ അകാല വിയോഗം ചിത്രയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. 2011ലെ ഒരു വിഷുനാളിൽ ദുബായിയിലെ വില്ലയിൽ നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരിക്കുന്നത്. ഒമ്പത് വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. സ്പെഷ്യൽ ചൈൽഡ് ആയിരുന്നു നന്ദന. മകൾ വേർപിരിഞ്ഞിട്ട് പന്ത്രണ്ട് വർഷം പിന്നിടുമ്പോഴും നീറുന്ന അമ്മ മനസുമായാണ് ചിത്ര ജീവിക്കുന്നത്.
ഇപ്പോഴിതാ മകളുടെ ഓർമ്മകളിൽ ഒരിക്കൽ ചിത്ര പങ്കിട്ട വാക്കുകൾ ശ്രദ്ധ നേടുകയാണ്. അടുത്തിടെ പിറന്നാൾ ദിനത്തിൽ മകളെക്കുറിച്ച് ചിത്ര കുറിച്ച വാക്കുകൾക്ക് പിന്നാലെയാണ് ചിത്രയുടെ പഴയ വീഡിയോയും വൈറലായി മാറുന്നത്. ‘എന്റെ ഹൃദയത്തിൽ നീ ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് മോളെ പൊയ്‌പോയത്. ആ വിടവ് നികത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതൽ കൂടുതൽ മിസ് ചെയ്യുകയാണ്’, എന്നായിരുന്നു മകളുടെ പിറന്നാൾ ദിനത്തിൽ ചിത്രയുടെ കുറിപ്പ്. മകളെ നഷ്ടപ്പെട്ട ചിത്രയ്ക്ക് ഒരു കുഞ്ഞിനെ ദത്തെടുത്തുകൂടെ എന്നുള്ള ചോദ്യങ്ങൾ പലപ്പോഴും ആരാധകരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു മാധ്യമപ്രവർത്തകനും ഇതേ ചോദ്യം ചോദിക്കുകയുണ്ടായി. അന്ന് ചിത്ര നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. “എൻ്റെ നന്ദന മോൾ തന്നെയാണ് ഇപ്പോഴും മനസ് നിറയെ. അവൾ വളരെ പൊസസീവ് ആയിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതാകുമായിരുന്നു. അനിയൻ്റെ കുഞ്ഞിനെ എടുത്താൽ പോലും അവൾക്ക് അത് ബുദ്ധിമുട്ടായിരുന്നു. ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനൊക്കെ ഞങ്ങൾ ശ്രമിച്ചിരുന്നതാണ്.
ഒരു കുഞ്ഞിനെ ദത്തെടുത്താൽ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം നടത്തണം. അതുവരെ ഞാൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദന മോളെ മാത്രം മനസിൽ വെച്ച് ജീവിക്കുന്നത്.” എന്നായിരുന്നു ചിത്ര പറഞ്ഞത്. തന്നെ പോലെ സങ്കടം അനുഭവിക്കുന്ന ഒരുപാട് പേർ ഈ ലോകത്തുണ്ടെന്ന് താൻ മനസിലാക്കിയെന്നും ചിത്ര പറഞ്ഞിരുന്നു.
‘ഇപ്പോൾ കാണുന്ന ചിത്ര പഴയ ചിത്രയല്ല. ഞാനും എൻ്റെ ഭർത്താവും ഓരോ ദിവസവും വളരെ ഡിപ്രസ്ഡാണ്. ഞാൻ എല്ലാ ദിവസവും അവളെ ഓർത്തുകൊണ്ടാണ് എഴുന്നേൽക്കുന്നത്. കരയാത്ത ഒരു ദിവസം പോലുമില്ല. പക്ഷേ എനിക്ക് ജീവിക്കണ്ടേ, മരിക്കാൻ പറ്റില്ലല്ലോ. അങ്ങനെ പോയല്ലേ പറ്റു,’ ചിത്ര ചോദിക്കുന്നു. ഇനി എന്ത് വലിയ ദുഖം വന്നാലും തനിക്ക് താങ്ങാൻ പറ്റുമെന്നും ചിത്ര വീഡിയോയിൽ പറയുന്നുണ്ട്. ഇതിലപ്പുറമൊന്നും എനിക്കിനി താങ്ങാനാവാത്തതായില്ല. അത്രത്തോളം വേദന അനുഭവിച്ചു. എല്ലാം താങ്ങാനുള്ള കരുത്ത് എനിക്ക് തരാൻ വേണ്ടിയാകും ദൈവം ഇങ്ങനൊരു വേദന എനിക്ക് തന്നത്. ഏതു മുറിവിനെയും കാലം മായ്ക്കുമെന്നാണ് പറയാറ്, പക്ഷേ എനിക്കേറ്റ ആ മുറിവ് കാലം ഉണക്കുന്നില്ല, പക്ഷേ എൻ്റെ നന്ദന എൻ്റെ മനസ്സിൽ നിന്ന് ഒരിഞ്ച് ഇറങ്ങിയിട്ടില്ലെന്നും ചിത്ര പറയുന്നു.