Uncategorized
നടൻ മുകേഷിനെതിരെ ലൈംഗീക ആരോപണത്തിൽ കേസെടുത്തതിന് പിന്നാലെ മുകേഷ് എം എൽ എ സ്ഥാനം ഇന്ന് രാജി വച്ചേക്കുമെന്ന് സൂചനകൾ
നടൻ മുകേഷിനെതിരെ ലൈംഗീക ആരോപണത്തിൽ കേസെടുത്തതിന് പിന്നാലെ മുകേഷ് എം എൽ എ സ്ഥാനം ഇന്ന് രാജി വച്ചേക്കുമെന്ന് സൂചനകൾ
നടൻ മുകേഷിനെതിരെ ലൈംഗീക ആരോപണത്തിൽ കേസെടുത്തതിന് പിന്നാലെ മുകേഷ് എം എൽ എ സ്ഥാനം ഇന്ന് രാജി വച്ചേക്കുമെന്ന സൂചനകൾ പുറത്ത് വരുകയാണ്. അദ്ദേഹത്തിന്റെ വണ്ടിയിൽ നിന്നും ഔദ്യോഗിക ബോർഡ് മാറ്റിയിരിക്കുകയാണ്. നേരത്തെ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കനത്തതോടെ ഔദ്യോഗിക വാഹനത്തിലെ ബോർഡ് ഊരിമാറ്റിയിരുന്നു. പിന്നാലെയായിരുന്നു രാജി വാർത്ത പുറത്തുവന്നത് . ഇപ്പോൾ പൊലീസ് സുരക്ഷയോടെ മുകേഷ് തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് മടങ്ങിയിരിക്കുകയാണ്. കൊച്ചിയിൽ തന്റെ അഭിഭാഷകനെ കാണാനും ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെയുള്ള ചില തെളിവുകൾ അഭിഭാഷകനെ ഏൽപിക്കാനുമാണ് എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
തന്റെ സിനിമ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്ന് പറഞ്ഞ മുകേഷ്, ആരോപണം തെറ്റെന്ന് തെളിയിക്കാൻ 2009 മാർച്ച് ഏഴിന് അയച്ച മെയിൽ സന്ദേശം തെളിവായുണ്ടെന്നും വ്യക്തമാക്കി. തന്റെ മാന്യമായ പെരുമാറ്റത്തെ പരാതിക്കാരി അഭിനന്ദിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് റിമാൻഡിലായാൽ നികത്താനാകാത്ത നഷ്ടമുണ്ടാകും. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കാമെന്നും മുകേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.
അതേസമയം ലൈംഗികാതിക്രമക്കേസില്‍ ഉള്‍പ്പെട്ട എം. മുകേഷിന്‍റെ രാജിക്കാര്യത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ രംഗത്തെത്തി . സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടു രാജിക്കാര്യം ആവശ്യപ്പെട്ടു. രാജിക്കായി മുന്നണിക്കുള്ളിൽനിന്നുപോലും സമ്മർദം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലൈംഗികാതിക്രമ കേസിൽ എം മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. ഇന്ന് മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും.
വനിതാ കൂട്ടായ്മയായ വിമൺ കളക്ടീവും എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. മുകേഷിൻ്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എംഎൽഎക്കെതിരെ കേസെടുത്തിട്ടും രാജി വേണ്ടെന്ന സിപിഎം നിലപാട് പ്രതിയെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് തീരുമാനം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.