നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും!! കുട്ടികർഷകർക്ക് സഹായവുമായി സിനിമാലോകം..
തൊടുപുഴ വെള്ളിയാമറ്റത്ത് കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവർ നടത്തുന്ന ഫാമിലെ പശുക്കളാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് 13 പശുക്കളാണ് ചത്തത്. ഇതിൽ അഞ്ച് പശുക്കൾക്ക് കറവയുണ്ടായിരുന്നു. പശുക്കൾ ചത്തതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. പത്ത് ലക്ഷം രൂപയുടെ നാഷ്‌ടമാണ് കണക്കാക്കുന്നത്. ഞായറാഴ്ച വൈകിട്ട് പശുക്കൾക്ക് കപ്പത്തൊലി കൊടുത്തിരുന്നു.
ഇതാണ് മരണത്തിന് കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ. ഇപ്പോഴിതാ സംഭവത്തിൽ സഹായവുമായി സിനിമാലോകം എത്തുകയാണ്. നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും സഹായവുമായി രംഗത്തെത്തി. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് അറിയിച്ചു. ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കുട്ടി കർഷകൻ മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞു. പശുവളർത്തൽ കൂടുതൽ ഊർജിതമായി നടത്തുമെന്നും മാത്യു കൂട്ടിച്ചേർത്തു. പി ജെ ജോസഫ് ഇന്ന് ഒരു പശുവിനെ കെെമാറുമെന്നും അറിയിച്ചിട്ടുണ്ട്.
പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനായി മാറ്റിവച്ച പണമാണ് ജയറാം നൽകിയത്. അദ്ദേഹം കുട്ടികളെ നേരിൽക്കണ്ടാണ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കെെമാറിയത്. എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാമെന്നും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൃഷി തുടരാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.’