Malayalam
ദിലീപിന് തിരിച്ചടി! മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്
ദിലീപിന് തിരിച്ചടി! മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതില്‍ പോലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരേ ഗുരുതര ആരോപണമായിരുന്നു അതിജീവിത ഉന്നയിച്ചിരുന്നത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപിനും അഭിഭാഷകർക്കും അവർ തന്റെ ലാപ്ടോപ്പിൽ കാണിച്ചുനൽകിയെന്നും പ്രോസിക്യൂഷന്റെ നിർദേശം മറികടന്നായിരുന്നു ഇതെന്നും അഡ്വ. ടി.ബി. മിനി വഴി ഫയൽചെയ്ത ഉപഹർജിയിൽ ആരോപിച്ചിരുന്നു. ഇപ്പോഴിതാ കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് പുറത്ത് വരുകയാണ്.
റിപ്പോർട്ട് റദ്ദാക്കണമെന്നും, കോടതി മേൽനോട്ടത്തിലുള്ള പൊലീസ് അന്വേഷണവും ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ വസ്തുതാന്വേഷണം നടത്തിയത്. റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി റജിസ്ട്രർക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
2018 ജനുവരി 9ന് അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത് രാത്രി 9.58നാണ്. 2018 ഡിസംബർ 13ന് മെമ്മറി കാർഡ് പരിശോധിച്ചത് ജില്ലാ പ്രിൻസിപ്പാൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് ആണ്. ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണ്. രാത്രി 10.58നാണ് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചത്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോർട്ടിലുണ്ട്.
2018 ജനുവരി ഒന്‍പത് രാത്രി 9.58 നാണ് കാർഡ് ആദ്യമായി തുറന്നത്. അന്ന് വിന്റോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുമായി കാർഡ് ബന്ധിപ്പിച്ചു. ഈ സമയം രണ്ട് ഫയലുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമതായി തുറക്കുന്നത് അതേ വർഷം ഡിസംബര്‍ 13-ന് രാത്രി 10.58 നാണ്. 2021 ജൂലായ് 19-ന് പകല്‍ 12.19 നും 12.54 നുമാണ് മൂന്നാമതായി കാർഡ് തുറന്നതായി കണ്ടെത്തിയിട്ടുണ്ട്. ജുലൈ 19 ന് പ്രതിയുടെ അഭിഭാഷകന് വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ 12.19നും 12.54നും ഇടയിൽ പ്രതിയുടെ അഭിഭാഷകൻ വിഡിയോ കണ്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്.
വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സാധാരണ നിലയിൽ 2 മിനിറ്റ് മതി മെമ്മറി കാർഡ് കോപ്പി ചെയ്യാൻ എന്നാൽ 35 മിനിറ്റോളമാണ് ഈ മെമ്മറി കാർഡ് ഫോണിൽ ഉണ്ടായിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇക്കാര്യത്തിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ കടുത്ത എതിർപ്പായിരുന്നു ദിലീപ് കോടതിയിൽ ഉയർത്തിയിരുന്നത്. കേസ് അന്വേഷണം നീട്ടാനുള്ള നീക്കമാണ് നടിയുടേത് എന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ഇതിനെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. തുടർന്ന് ഹർജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു അന്വേഷണത്തിന് നിർദ്ദേശിച്ച് കൊണ്ടുള്ള ഹൈക്കോടതി ഇടപെടൽ. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദത്തിനായി അതിജിവിതയുടെ ഹര്‍ജി ഓഗസ്റ്റ് 21ന് പരിഗണിക്കാന്‍ മാറ്റി.