തൃശ്ശൂരിൽ ഫ്ലക്സ് വിവാദം! മോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി. എല്ലാത്തിനുമപ്പുറം സൗഹൃദം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക… അനുവാദത്തോടെയല്ല പിതാവിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ്
അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ചിത്രം വച്ച എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. തങ്ങളുടെ അനുവാദത്തോടെയല്ല പിതാവിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് പ്രതികരിച്ചു. പാർട്ടിയോട് ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ‘സുരേഷ് ഗോപിയെ വിജയിപ്പിക്കുക’ എന്നെഴുതിയ ഫ്ലക്‌സാണ് വിവാദത്തിലായത്. മോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി. എല്ലാത്തിനുമപ്പുറം സൗഹൃദം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക’- എന്നാണ് ഫ്ലക്സിലുള്ളത്. വിവാദത്തോട് സുരേഷ് ഗോപിയോ ബി ജെ പിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാഷ്ട്രീയത്തിനപ്പുറം ഇന്നസെന്റും സുരേഷ് ഗോപിയും തമ്മിൽ ഏറെ അടുപ്പമുണ്ടായിരുന്നു. കൂടാതെ 2014ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വേണ്ടി സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങിയിരുന്നു. സുരേഷ് ഗോപി അന്ന് പാർലമെന്റ് അംഗമായിട്ടില്ല.കഴിഞ്ഞ വർഷമായിരുന്നു ഇന്നസെന്റ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്നസെന്റിനെ അവസാനമായി ഒരുനോക്കുകാണാനും സുരേഷ് ഗോപി വീട്ടിലെത്തിയിരുന്നു.
അതേസമയം, തൃശൂർ പൂരവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തെക്കുറിച്ച് സുരേഷ് ഗോപി പ്രതികരിച്ചു. പൂരത്തിന്റെ പരമ്പരാഗത രീതിയ്ക്ക് കോട്ടം തട്ടിയെന്നും അതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പിന്നിൽ ഏത് പാർട്ടിയുടെ ഇടപെടലാണ് ഉണ്ടായതെന്ന് അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മീഷണറെ നിർത്തി മര്യാദയ്ക്ക് പൂരം നടത്തിക്കാണിക്കണം.വെടിക്കെട്ട് തടസപ്പെട്ടപ്പോൾ തന്നെ വിളിച്ചുവരുത്തിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്‌നം പരിഹരിച്ചെന്ന് ബിജെപി സൈബര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വോട്ടു കച്ചവടത്തിനുള്ള അന്തര്‍ധാരയാണ് പുറത്തായത്. പൂരത്തിനെ മറയാക്കിയത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ കമ്മീഷണറെ തിരികെ ഇവിടെ കൊണ്ടു വരും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്തു വന്നാലും യുഡിഎഫ് ജയിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസിപി സുദര്‍ശനനെയും മാറ്റും. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.