Malayalam
തലേന്ന് ഉപദ്രവിച്ച ആളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു… മുഖത്തേക്ക് നോക്കാൻ തന്നെ ഭയന്നിരുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ട്
തലേന്ന് ഉപദ്രവിച്ച ആളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു… മുഖത്തേക്ക് നോക്കാൻ തന്നെ ഭയന്നിരുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ട്
മലയാള സിനിമ ഇന്ന് ലോകോത്തര സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ചു വരികയാണ്. എന്നാൽ പുറമേ നിന്നും കാണുന്ന മനോഹാരിത സിനിമക്കുള്ളിൽ നിന്ന് നോക്കുമ്പോൾ ഇല്ല എന്ന് ഇന്നത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ വ്യക്തമായി. കേരളത്തെ നടുക്കുന്ന നിരവധി വിവരങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തു വിട്ടിട്ടുള്ളത്. അവസരങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നത് മാത്രമല്ല, സിനിമാ സെറ്റിൽ സ്ത്രീകളുടെ പ്രാഥമിക കാര്യങ്ങൾക്കുള്ള അനുമതി നിഷേധിക്കുന്നതിനെ പറ്റിയും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. മാത്രമല്ല സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും.
17 തവണ വരെ ഇത്തരത്തിൽ തുടരെ ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ടിച്ചതായി റിപ്പോർട്ടിൽ പറയുന്നു . കമ്മിറ്റി മുൻപാകെ മൊഴി നൽകിയ പലരും പറഞ്ഞ കാര്യങ്ങൾ നടുക്കമുളവാക്കിയെന്ന് കമ്മിറ്റി അംഗങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പലരും പരാതി നൽകാത്തത് ജീവഭയം കൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. തലേന്ന് ഉപദ്രവിച്ച ആളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്ന അനുഭവം കമ്മിറ്റി പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉപദ്രവിച്ച വ്യക്തി കൂടെ അഭിനയിക്കുമ്പോൾ ആളുടെ മുഖത്തേക്ക് നോക്കാൻ തന്നെ പേടിയായെന്നാണ് ഒരാളുടെ മൊഴി. ഈ പേടി കാരണം 17 തവണ ടേക്ക് എടുക്കേണ്ടി വന്നു. ഇക്കാര്യങ്ങൾ എതിർത്താൽ അശ്ലീല ഭാഷയിൽ സൈബർ ആക്രമണം നടത്തും. പരാതി പറഞ്ഞാൽ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തും. ഐസിസിയെപ്പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരം കാര്യങ്ങൾക്ക് സഹകരിക്കാത്തവരെ ‘മീ റ്റൂ പേഴ്സൺ’ എന്നാണ് വിശേഷിപ്പിക്കുന്നത്.
വിധേയപ്പെട്ടില്ലെങ്കിൽ ഭാവി നശിപ്പിക്കും. അഭിനയിക്കാൻ മോഹമുള്ളവർ പലതും സഹിച്ചാണ് തുടരുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്ക് പരിഗണന ലഭിക്കുന്നില്ല. ടോയ്ലറ്റ് സൗകര്യങ്ങളും വസ്ത്രം മാറ്റുന്നതിനുള്ള ഡ്രെസ്സിംഗ് റൂമുകളും പല സെറ്റിലും സ്ത്രീകൾക്ക് ലഭിക്കുന്നില്ല. മാത്രമല്ല പല സെറ്റിലും വെള്ളം ലഭിക്കുന്നില്ല എന്ന നിലയിലും പറഞ്ഞിട്ടുണ്ട്. ആർത്തവ സമയത്ത് സിനിമാ സെറ്റിൽ കടുത്ത പ്രതിസന്ധികളാണ് സ്ത്രീകൾ നേരിടുന്നതെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. ആ സമയങ്ങളിൽ നാപ്കിനുകൾ മാറ്റി ഇടാനും അവ നശിപ്പിക്കാനുമുള്ള സൗകര്യം ഷൂട്ടിംഗ് സ്ഥലങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കാറില്ല. കൂടാതെ ടോയ്ലെറ്റിൽ പോകുവാൻ സ്ത്രീകളെ അനുവദിക്കാറില്ല.
ഷൂട്ടിംഗ് സെറ്റിൽ അത്തരം സൗകര്യങ്ങളും കൊടുക്കില്ല. അതിനാൽ സ്ത്രീകൾ വെള്ളം കുടിക്കാതെ പിടിച്ചു നിൽക്കും. ഇത് യൂറിനറി ഇൻഫക്ഷൻ പോലുള്ള ഭീകര ശാരീരിക അസുഖങ്ങൾക്ക് കാരണമാവുന്നു. പ്രൊഡക്ഷൻ യൂണിറ്റിലുള്ളവർ പുറത്തുള്ള ടോയ്ലറ്റിൽ പോകുവാൻ അനുവദിക്കാറില്ല. കാരണം ഇത്തരം പ്രാഥമിക ആവശ്യങ്ങൾ നടത്തുവാനായി ഏകദേശം 10 മിനുറ്റ് നടന്നാൽ മാത്രമേ അത്തരം സ്ഥലങ്ങൾ കണ്ടുപിടിക്കാനാവൂ. ഒരു ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീ പറഞ്ഞ വാക്കുകളാണിത്. സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങളെ പോലും നിഷേധിക്കുന്ന ഇത്തരം അധാർമിക പ്രവർത്തികൾ ഇതാദ്യമായല്ല ഉണ്ടാവുന്നതെന്നും വ്യക്തമാണ്.
എന്നാൽ പ്രമുഖരുടെ ഭീഷണിയെ തുടർന്ന് പലരും ഭയന്ന് ജീവിക്കുകയായിരുന്നു. ടോയ്ലറ്റ് സൗകര്യങ്ങൾ നിഷേധിക്കുന്നതിനാൽ സ്ത്രീകൾ വെള്ളം കുടിക്കാതിരിക്കും. ഇതുവഴി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് പലർക്കും അറിയാം. സ്ത്രീകൾ വെള്ളം കുടിക്കാതിരിക്കുന്നത് പിന്നീട് അവർക്ക് ഒരു ശീലമായി. പക്ഷേ സാഹചര്യങ്ങൾ ഇത്രയും ഭീകരമായിരുന്നു.
പല ആർട്ടിസ്റ്റുകളേയും ഇത്തരത്തിൽ സെറ്റിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അഭിനേതാക്കളായ സ്ത്രീകൾ മാത്രമല്ല, ഹെയർ സ്റ്റൈലിസ്റ്റുകൾ, അവരുടെ അസിസ്റ്റന്റുകൾ, ജൂനിയർ ആർട്ടിസ്റ്റുകൾ എല്ലാവർക്കും ഇതേ അവസ്ഥയാണ്. ഇതിൽ ടോയ്ലറ്റ് സൗകര്യം നൽകാത്തതിനെ കുറിച്ചു പറയുന്നതിനൊപ്പം കാരവാൻ ഉപയോഗത്തെ കുറിച്ചും കമ്മിറ്റിയിൽ വിശദീകരിക്കുന്നുണ്ട്. പല സിനിമാ സെറ്റിലും കാരവാനുകൾ ഉണ്ട്. പക്ഷേ അതെല്ലാം നായകനും നായികക്കും മാത്രം ഉപയോഗിക്കാനുള്ളതാണ്. മറ്റു ആർട്ടിസ്റ്റുകൾക്ക് കാരവാൻ സൗകര്യം നൽകാറുമില്ല.
