ചലച്ചിത്രരംഗത്തുള്ളവർക്കായി കമൽഹാസൻ ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി
നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ചലച്ചിത്രരംഗത്തുള്ളവർക്കായി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി. ‘എക്സി’ലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്. കമൽഹാസൻ നടത്തുന്ന പാർട്ടികളിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്ന് ഗായിക സുചിത്രയാണ് കഴിഞ്ഞദിവസം ആരോപിച്ചത്. തമിഴ് സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലായി ദിശതെറ്റുകയാണെന്നും അവർ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാരായണൻ തിരുപ്പതി രംഗത്തെത്തിയത്. ‘‘സുചിത്ര പറഞ്ഞ കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം നടത്തണം. തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിൽ സുചിത്രയ്ക്കെതിരേ നടപടിയെടുക്കണം. ആരോപണത്തിൽ ഏതെങ്കിലും തരത്തിലുള്ള അടിസ്ഥാനമുണ്ടെങ്കിൽ കമൽഹാസനെ ചോദ്യംചെയ്യണം. പാർട്ടികളിലേക്ക് എവിടെനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് കണ്ടെത്തണം’’ -അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം തമിഴിൽ ഉടൻ വരുന്ന ചിത്രങ്ങളിൽ വലിയ ആരാധക പ്രതീക്ഷയുള്ള ചിത്രമാണ് കമൽഹാസൻ-ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2. വൻ താരനിരയുമായി ബ്രഹ്മാണ്ഡ സ്കെയിലിൽ ഒരുങ്ങുന്ന ചിത്രത്തേക്കുറിച്ച് ഒരു അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കമൽഹാസൻ. ഇതാകട്ടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്റെ വരവ് രണ്ട് ഭാഗങ്ങളിൽ നിൽക്കില്ലെന്നും മൂന്നാം ഭാഗമുണ്ടാവുമെന്നാണ് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്. ഇന്ത്യൻ രണ്ട്, മൂന്ന് ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ 2-ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്.
ഇതിനുശേഷം മൂന്നാം ഭാഗത്തിന്റെ തുടർപ്രവർത്തനങ്ങൾ നടത്തുമെന്നും ഉലകനായകൻ പറഞ്ഞു. താൻ അഭിനയിക്കുന്ന പ്രഭാസ് നായകനായി വരുന്ന കൽക്കി, മണിരത്നം സംവിധാനംചെയ്യുന്ന തഗ് ലൈഫ് എന്നീ ചിത്രങ്ങളേക്കുറിച്ചും കമൽഹാസൻ പറഞ്ഞു. തഗ് ലൈഫിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും കൽക്കിയിലേത് അതിഥി വേഷമാണെന്നും താരം വ്യക്തമാക്കി. 1996-ൽ ഷങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് ഇന്ത്യൻ 2, ഇന്ത്യൻ 3 എന്നീ ചിത്രങ്ങൾ ഒരുങ്ങുന്നത്. സേനാപതി എന്ന കഥാപാത്രമായാണ് കമൽഹാസൻ എത്തുന്നത്. ചിത്രത്തിന്റെ ഒരു ഗ്ലിംപ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എസ്.ജെ. സൂര്യ, സിദ്ധാർത്ഥ്, കാജൽ അഗർവാൾ, പ്രിയാ ഭവാനി ശങ്കർ, രാകുൽപ്രീത് എന്നിവരാണ് ഇന്ത്യൻ 2-ലെ മറ്റ് അഭിനേതാക്കൾ.
