Connect with us

കല്‍പ്പനയില്ലാത്ത എട്ട് വർഷങ്ങൾ! മലയാളികൾക്ക് നഷ്ടമായത് പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭ

Malayalam

കല്‍പ്പനയില്ലാത്ത എട്ട് വർഷങ്ങൾ! മലയാളികൾക്ക് നഷ്ടമായത് പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭ

കല്‍പ്പനയില്ലാത്ത എട്ട് വർഷങ്ങൾ! മലയാളികൾക്ക് നഷ്ടമായത് പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭ

മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ കയ്യൊപ്പ് ചാർത്തിയ അഭിനേത്രിയാണ് കൽപ്പന. അഭിനയത്തിലൂടെ മലയാളികളെ ചിരിപ്പിച്ച നടി കല്‍പ്പന ഓർമയായിട്ട് ഇന്ന് എട്ട് വർഷം. ഹാസ്യാവതരണത്തിൽ തനതായ ശൈലിയിലൂടെ സ്വന്തം ഇടം കണ്ടെത്തുകയായിരുന്നു കല്‍പ്പന. നടിമാരായ ഉർവശിയുടെയും കലാരഞ്ജിനിയുടെയും സഹോദരി. കല്‍പ്പന അനശ്വരമാക്കിയ ഒരു പിടി നല്ല കഥാപാത്രങ്ങളുടെ സ്മരണയിലാണ് ചലച്ചിത്ര ലോകം. നാടക പ്രവര്‍ത്തകരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ച കല്‍പ്പന സഹോദരിമാരായ ഉര്‍വ്വശിക്കും കലാരഞ്ജിനിക്കും പിറകെ സിനിമയിലെത്തി. ബാലതാരമായിട്ടായിരുന്നു തുടക്കം.

ആദ്യ സിനിമ ‘വിടരുന്ന മൊട്ടുകളി’ൽ അഭിനയിക്കുമ്പോൾ കല്‍പ്പനയ്ക്ക് പ്രായം 12. അരവിന്ദന്റെ ‘പോക്കുവെയില്‍’ എന്ന ചിത്രമാണ് കല്‍പ്പനക്ക് മലയാള സിനിമയിൽ വഴിത്തിരിവായത്. പിന്നീടിങ്ങോട്ട് മലയാളിയിൽ ചിരിപടർത്തിയ ഒരു പിടി വേഷങ്ങള്‍‍. ഗാന്ധര്‍വ്വത്തിലെ കൊട്ടാരക്കര കോമളം, ഇഷ്ടത്തിലെ മറിയാമ്മാ തോമസ്, സ്പിരിറ്റിലെ പങ്കജം, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി, ബാംഗ്ലൂര്‍ ഡെയ്സിലെ കുട്ടന്റെ അമ്മ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ കല്‍പ്പന മലയാളിയെ ചിരിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. ജഗതിക്കൊപ്പമുള്ള കല്‍പ്പനയുടെ വേഷങ്ങൾ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടു. 1985ല്‍ ഭാഗ്യരാജിന്റെ ചിന്ന വീടിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച കല്‍പ്പന തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഹാസ്യനടി എന്ന നിലയില്‍ നിന്ന് സ്വഭാവ നടിയിലേക്ക് ചുവടുമാറിയ കല്‍പ്പനക്ക് ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി മുന്നൂറിലേറെ സിനിമകളിൽ കല്‍പ്പന അഭിനയിച്ചു. കല്‍പ്പനയുടെ അവസാന മലയാള ചിത്രം ദുൽഖർ സൽമാൻ നായകനായ ‘ചാര്‍ലി’യായിരുന്നു. ചാർലിയിലെ ക്വീൻ മേരി കൽപ്പനയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ കടലിലേക്ക് മറഞ്ഞുപോകുന്ന മേരി, വൈകാതെ ജീവിതത്തിന്റെ തിരശീലയിൽ നിന്നുതന്നെ മാഞ്ഞുപോകുകയായിരുന്നു. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു മരണം. അഭിനയ വഴക്കത്തില്‍ മലയാളത്തിന്റെ മനോരമ എന്നറിയപ്പെട്ട കല്‍പ്പനയുടെ വിയോഗത്തോടെ നഷ്ടമായത് പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയെയായിരുന്നു. കല്‍പ്പനയ്ക്ക് പ്രണാമം.

More in Malayalam

Trending