കനത്ത സുരക്ഷ! പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായി പ്രിയങ്ക ചോപ്രയും കുടുംബവും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചു.
നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ബുധനാഴ്ച അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. രണ്ട് വയസുകാരി മകള്‍ മലതി മരിയ ചോപ്ര ജോനാസും ഇവര്‍ക്കൊപ്പെ ഉണ്ടായിരുന്നു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഇത് ആദ്യമായാണ് പ്രിയങ്ക ചോപ്ര അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുന്നത്. കനത്ത സുരക്ഷയാണ് പ്രിയങ്കയ്ക്കും കുടുംബത്തിനും വേണ്ടി ക്ഷേത്ര പരിസരത്ത് ഒരുക്കിയത്. പ്രിയങ്ക നിക് കുടുംബത്തിന്‍റെ ക്ഷേത്ര ദര്‍ശനത്തിന്‍റെ വീഡിയോകള്‍ ഇതിനകം ഓണ്‍ലൈനില്‍ വൈറലാകുകയാണ്. ജനുവരിയിലാണ് ആയോധ്യയിലെ രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സിനിമ രംഗത്തെ പല പ്രമുഖരും അന്ന് ചടങ്ങിന് എത്തിയിരുന്നു. അമിതാഭ് ബച്ചൻ, രജനികാന്ത്, ആലിയ ഭട്ട്-രൺബീർ കപൂർ, വിക്കി കൗശൽ-കത്രീന കൈഫ്, റിഷബ് ഷെട്ടി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാസം പകുതിയോടെയാണ് പ്രിയങ്ക ചോപ്രയും മകളും മുംബൈയില്‍ എത്തിയത്. മുംബൈയില്‍ വിവിധ ഉദ്ഘാടന ചടങ്ങുകളില്‍ പ്രിയങ്ക പങ്കെടുത്തിരുന്നു. അതിന് പിന്നാലെ ഇഷ അംബാനിയുടെ ഹോളി ആഘോഷത്തിലും പ്രിയങ്ക പങ്കെടുത്തു. അതേ സമയം തിങ്കാളാഴ്ച നിക് കൂടി മുംബൈയില്‍ എത്തിയ പിന്നാലെയാണ് കുടുംബമായി ഇവര്‍ ആയോധ്യ രാമക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയത്. അയോധ്യ ക്ഷേത്രത്തിലെ തന്‍റെ സന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ പ്രിയങ്ക തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ജയ് ശ്രീറാം എന്ന ക്യാപ്ഷനോടെയാണ് പ്രിയങ്ക ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.