എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു. എന്റെ അമ്മയെ അറിയുന്നവർക്ക് അറിയാം ഇത് അവർക്ക് എത്രമാത്രം പ്രത്യേകതയുള്ളതാണെന്ന്- വിസ്മയ മോഹൻലാൽ
മോഹൻലാലിനെപ്പോലെ തന്നെ ഭാര്യ സുചിത്രയും മകൾ വിസ്മയയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അഭിനയത്തിലേക്ക് കാലെടുത്തുവച്ചിട്ടില്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് വിസ്മയയ്ക്കുള്ളത്. താരപുത്രി പങ്കുവച്ച സുചിത്രയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക്ക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ട് കേട്ട് തുള്ളിച്ചാടുകയാണ് സുചിത്ര.
കൗമാരക്കാലം തൊട്ട് സുചിത്രയുടെ ഇഷ്ട ഗായകനാണ് ഇദ്ദേഹം. പ്രിയപ്പെട്ട ഗായകന്റെ സംഗീത പരിപാടി നേരിൽ കാണണമെന്നതും അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതാണ് വിസ്മയ സാധിപ്പിച്ചുകൊടുത്തത്. ‘എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു. എന്റെ അമ്മയെ അറിയുന്നവർക്ക് അറിയാം ഇത് അവർക്ക് എത്രമാത്രം പ്രത്യേകതയുള്ളതാണെന്ന്. സ്റ്റിവാർട്ടിന് ഹൃദയം നിറഞ്ഞ നന്ദി.’- എന്ന അടിക്കുറിപ്പോടെയാണ് വിസ്മയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
