എടോ എനിക്ക് ആ ക്യാമറ ഒന്ന് കാണിച്ച് തരുമോ, ക്യാമറ കാണാൻ കൊതിയാകുകയാണെന്ന്. ഷൂട്ടിംഗ് ഇല്ലാതെ പത്തമ്പത് ദിവസമായി ഇതിനകത്ത് ഇരിക്കുന്നു! മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് കമൽ
മലയാള സിനിമയിൽ നിർമാതാക്കളുടെ അസോസിയേഷനും അമ്മ സംഘടനയും തമ്മിൽ ചില തർക്കങ്ങളൊക്കെ ഉണ്ടായ ഒരു സമയത്തെ സംഭവത്തെകുറിച്ച് തുറന്നു പറയുകയാണ് കമൽ. ആ ഒരു വിഷയത്തിന്റെ ഭാഗമായി ആർട്ടിസ്റ്റുകൾ സമരം പ്രഖ്യാപിക്കുകയും ഏകദേശം അമ്പത് ദിവസത്തോളം മലയാള സിനിമ മുഴുവൻ സ്തംഭിക്കുകയും ചെയ്തു. സിനിമ ഷൂട്ടിംഗിന് താരങ്ങളാരും പങ്കെടുക്കരുതെന്ന തീരുമാനമുണ്ടായിരുന്നു. ആ തീരുമാനത്തോട് മാക്ട എന്ന സംഘടനയ്ക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. നിർമാതാക്കളുടെ കൂടെയാണ് നമ്മൾ നിൽക്കേണ്ടതെന്നും, സിനിമാ ഷൂട്ടിംഗ് നടത്തുന്നതിന് കുഴപ്പമില്ലെന്നുമായിരുന്നു മാക്ടയുടെ നിലപാട്. അമ്മ സംഘടനയിൽ ഞാനൊന്നും മെമ്പറല്ല. എന്നാൽ പിന്നെ ഷൂട്ടിംഗ് നടത്താമെന്ന് ആലോചിച്ചു. ഷൂട്ട് ചെയ്യാൻ തീരുമാനിച്ചെങ്കിലും സഹകരിക്കാനായി ആർട്ടിസ്റ്റുകളാരും തയ്യാറായില്ല. ലാലു അലക്സിനെ വിളിച്ച് ചോദിച്ചപ്പോൾ തയ്യാറാണെന്ന് പറഞ്ഞു. മറ്റേ കഥാപാത്രമായി വേറെ ചിലരെയായിരുന്നു മനസിൽ കണ്ടത്. അവർ പറ്റില്ലെന്ന് പറഞ്ഞു. പെട്ടെന്ന് എനിക്ക് മനസിൽ വന്നത് സുരേഷ് കൃഷ്ണയെയാണ്. മറ്റ് ഞാൻ ആലോചിച്ച മറ്റുള്ളവരേക്കാൾ നല്ലതായിരിക്കുമെന്ന് തോന്നി. അന്ന് ഒരുപാട് ചിത്രങ്ങളിലൊന്നും സുരേഷ് കൃഷ്ണ വന്നിട്ടില്ല. പിന്നെ വന്നത് സീരിയലിലാണ്. സ്ത്രീകൾക്കെല്ലാം സുപരിചിതവുമാണ്.
വിളിച്ചപ്പോൾ വിലക്കും പ്രശ്നവുമൊക്കെയുണ്ടെന്ന് സുരേഷ് പറഞ്ഞു. കഥയൊക്കെ പറഞ്ഞപ്പോൾ, കഥാപാത്രം എനിക്ക് വിട്ടുകളയാൻ പറ്റില്ലെന്ന് പറഞ്ഞ് സുരേഷ് ചെയ്യാൻ തയ്യാറായി. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. അമ്മയുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായിരുന്നു. ഞങ്ങൾ ഷൂട്ടിംഗ് തുടങ്ങി. എറണാകുളത്തെ ഒരു ഫ്ലാറ്റിലാണ് ഷൂട്ടിംഗ്. സെറ്റൊക്കെ ഇട്ടു. അന്ന് അവിടെയാണ് മമ്മൂട്ടി താമസിക്കുന്നത്. ഞാൻ കാണാനൊക്കെയായി പല തവണ പോയി. ഷൂട്ടിംഗ് തുടങ്ങുന്ന അന്ന് രാവിലെ ലാലു അലക്സ് വന്നു. ഞങ്ങളൊക്കെ ഉണ്ട്. സുകുമാർ ആയിരുന്നു ക്യാമറ. ആന്റോ ജോസഫ് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. മമ്മൂക്ക അവിടെയുണ്ട്, ഒന്ന് പറയണമെന്ന് ആന്റോ പറഞ്ഞു. മമ്മൂക്ക എങ്ങനെ റിയാക്ട് ചെയ്യുമെന്ന് എനിക്ക് പേടിയായിരുന്നു. അങ്ങനെ ഞങ്ങൾ മമ്മൂക്കയെ കാണാനായി ചെന്നു. നിങ്ങൾ ഷൂട്ടിംഗ് തുടങ്ങിയല്ലേ എന്നൊക്കെ മമ്മൂക്ക തമാശയായി പറഞ്ഞു.എടോ എനിക്ക് ആ ക്യാമറ ഒന്ന് കാണിച്ച് തരുമോ, ക്യാമറ കാണാൻ കൊതിയാകുകയാണെന്ന് മമ്മൂക്ക പറഞ്ഞു. സ്റ്റാർട്ടും കട്ടുമൊക്കെ മറന്നുപോയി. ഷൂട്ടിംഗ് ഇല്ലാതെ പത്തമ്പത് ദിവസമായി ഇതിനകത്ത് ഇരിക്കുന്നു. ഞാൻ അങ്ങട് വന്നിട്ട്, എന്റെ മുന്നിൽ സ്റ്റാർട്ടൊക്കെ പറ എന്നും പറഞ്ഞു. മമ്മൂക്കാ, ഞങ്ങൾ പെട്ടിരിക്കുകയാണ്, സമരമൊക്കെ നടക്കുമ്പോൾ എന്ന് ഞാൻ പറഞ്ഞു. അതും ഇതുമായി ഒരു ബന്ധവുമില്ല, അതിൽ ഞാൻ അഭിപ്രായം പറയില്ലെന്നും മമ്മൂക്ക പറഞ്ഞു. ക്യാമറ കാണാൻ കൊതിയായി എന്നും പറഞ്ഞ് മമ്മൂക്ക കുറേ ചിരിച്ചു.സത്യത്തിൽ ഞാൻ റിലാക്‌സിഡ് ആയി. ഷൂട്ടിംഗ് തുടങ്ങിയത് വളരെ മോശമായിപ്പോയെന്ന് വീട്ടിലേക്ക് ചെല്ലുമ്പോൾ മമ്മൂക്ക പറയുമെന്നാണ് ഞാൻ വിചാരിച്ചത്. ലാലു അലക്സിനെ നാല് തെറി പറയുമെന്നാണ് കരുതിയത്. നീ ഒരു കരിങ്കാലിയാണെന്ന് ലാലു അലക്സിനോട് പുള്ളി പറഞ്ഞു. അതൊക്കെ ആ വഴിക്ക് നടന്നുവെന്നും പറയുകയായിരുന്നു കമൽ.