ഉണ്ണി മുകന്ദൻ എവിടെ ? ഇനിയും ഇങ്ങനെയുള്ള ചോദ്യത്തിനായി കാത്തിരിക്കുന്നു ;കുറിപ്പ് വൈറൽ
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രധാനപ്പെട്ട ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. പഴശ്ശിരാജയക്ക് ശേഷം വീണ്ടും വാളും പരിചയവുമേന്തുകയാണ് മമ്മൂട്ടി . ചരിത്രപ്രസിദ്ധമായ ചാവേറുകളുടെ ചോരപുരണ്ട ഇതിഹാസമായിമാറിയ വള്ളുവനാട്ടിലെ മാമാങ്കമഹോത്സവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് മാമാങ്കം.
ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസം കൂടിയാണ് 16, 17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ, ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമാങ്ക മഹോത്സവം. അറബി, യവന, ചീന, ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിന്റെ അധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. അതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പുരണ്ട മഹാ ഇതിഹാസമായി മാറിയത്.
മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്യം ലോഗൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റായ മലബാർ മാന്വലിൽ ഉൾപ്പെടെ മാമാങ്ക ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മെഗാ സ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്.
നാല് വ്യത്യസ്ത മേക്കോവറുകളിലായി താരമെത്തുമെന്ന വിവരവും പുറത്തുവന്നിരുന്നു. ഇടയ്ക്ക് സിനിമയുമായി ബന്ധപ്പെട്ട ചില അസ്വസാരസ്യങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ച് സിനിമ മുന്നേറുകയുണ്ടായി. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പോസ്റ്റര്‍ തരംഗമായി മാറിയത്. ചരിത്ര സിനിമയുമായി മമ്മൂട്ടി എത്തിയപ്പോഴൊക്കെ മികച്ച സ്വീകാര്യതയും വിജയവും സ്വന്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ മാമാങ്കത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.
തിരുനാവായ മണപ്പുറത്തെ മാമാങ്ക മഹോത്സവത്തെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അത് സിനിമയായി മാറുമ്പോള്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ക്കും അറിയേണ്ടത്. യുവതാരനിരകളില്‍ പ്രധാനികളിലൊരാളായ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാമാങ്കത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് വ്യക്തമായി താരമെത്തിയിരുന്നു. മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്ന താരം അദ്ദേഹത്തിനൊപ്പമുള്ള അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാറുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചരിത്ര സിനിമയുടെ ഭാഗാമാവാനുള്ള അവസരം ഉണ്ണിക്ക് ലഭിച്ചപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു കാത്തിരിപ്പിനൊടുവില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയപ്പോള്‍ അതില്‍ ഉണ്ണിയെ കാണാനായില്ലെന്ന നിരാശ പങ്കുവെച്ചാണ് ആരാധകരെത്തിയത്. ഇവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയിരിക്കുന്നത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :-
പ്രിയപ്പെട്ട സുഹൃത്തുക്കളെ
മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ നിങ്ങൾ തന്ന ബ്രഹ്മാണ്ട വരവേൽപ്പ് ഹൃദയം നിറഞ്ഞ നന്ദി. എന്നാൽ ഈ പോസ്റ്റ് ഇട്ടത് അതിനു വേണ്ടി മാത്രമല്ല. ഇത്രയും നാൾ മാമാങ്കത്തിന് വേണ്ടി മെയ്യും മനസ്സും ഒരുപോലെ നൽകി അധ്വാനിച്ചിട്ട് പോസ്റ്റർ ഇറങ്ങിയത് മുതൽ ഇതിൽ “ഉണ്ണിമുകുന്ദൻ എവിടെ” എന്നുള്ള നിരവധി മെസേജുകൾ ഫേസ്ബുകിലൂടെയും, ഇൻസ്റ്റാൻഗ്രാമിലൂടെയും,വാട്സ്ആപ്പിലൂടെയും ഞാൻ കേൾക്കാനിടയായി.ഇത് കേട്ടപ്പോൾ മുതൽ പ്രേക്ഷകർക്ക് എന്നെ തിരിച്ചറിയാൻ പറ്റുന്നില്ലാലോ എന്നുള്ള ചെറിയ വിഷമം ഉണ്ടായിരുന്നു. ബഹുമാനപെട്ട സുഹൃത്തുക്കളെ പോസ്റ്ററിന്റെ നടുക്ക് ആ വാളും പരിചയും ഏന്തി നിൽക്കുന്ന ദേഷ്യക്കാരൻ ആയ താടിക്കാരൻ ഞാനാണ് 😂. ആദ്യമൊക്കെ അല്പം വിഷമം തോന്നിയെങ്കിലും ഞാൻ സ്വപ്നം കണ്ട കാര്യം തന്നെയാണല്ലോ ഞാൻ ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായി
.ചന്ദ്രോത് പണിക്കർ എന്ന ഇതിഹാസ ചരിത്ര വേഷം ലഭിച്ചപ്പോൾ അതിൽ ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയുടെ യാതൊരു സാമ്യതയും ഉണ്ടാവാൻ പാടില്ല എന്ന ആഗ്രഹവും വാശിയും എനിക്ക് ഉണ്ടായിരുന്നു.അതിന്റെ ആദ്യ പടി വിജയിച്ചു എന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നു. ഇതൊരു അംഗീകാരം ആയി കാണാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി മിഖായേലിലെ മാർകോ ജൂനിയറിൽ നിന്നും മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ ആയി പരകായപ്രവേശം നടത്താൻ മാനസികമായും ശാരീരികമായും ഉള്ള തയ്യാറെടുപ്പിലായിരുന്നു. രാത്രിയുള്ള ഷൂട്ടിംഗ് ശാരീരികമായി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കിയെങ്കിലും അതൊന്നും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിനോടുള്ള ഇഷ്ടത്തിന് കവച്ചുവെക്കുന്നതായിരുന്നില്ല. ഈ പോസ്റ്റിൽ നിങ്ങൾ ഉണ്ണിമുകുന്ദനെ കണ്ടിട്ടില്ല എങ്കിൽ അത് എന്റെ ആദ്യത്തെ അംഗീകാരമായി ഞാൻ കാണുന്നു😊🙏. ചരിത്ര കഥാപാത്രങ്ങളെ അതിന്റെ പരമോന്നതിയിൽ എത്തിച്ച മമ്മൂക്ക എന്ന് ഇതിഹാസത്തിന്റെ സാന്നിധ്യവും സഹകരണവും സപ്പോർട്ടും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെ പൂർണ്ണ വിശ്വാസത്തോടെ എനിക്ക് തന്ന പപ്പേട്ടനും മാമാങ്കത്തിന്റെ പൂര്ണതയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ എന്തിനും ഒപ്പം നിന്ന നിർമ്മാതാവ് വേണുവേട്ടനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.ഇനിയും പല കഥാപാത്രങ്ങളും വരുമ്പോഴും അതിൽ ഉണ്ണിമുകുന്ദൻ എവിടെ എന്ന ചോദ്യത്തിനായി ഞാൻ വീണ്ടും കാത്തിരിക്കുന്നു 😊. Love,Unni
mamankam- unnimukundan-Actor mammootty-historical-viral