” ഉണ്ട” അതൊരു തിരിച്ചറിവാണ് ; നൂറ് കിന്റ്റല്‍ തളളുകളും,ജട്ടി മാഹാത്മ്യവും കണ്ട് കൈയ്യടിക്കുന്നതിനേക്കാളും, എത്രയോ അഭികാമ്യമാണ്,നല്ല സിനിമകളേ പ്രോത്സാഹിപ്പിക്കുന്നത് എം എ നിഷാദിന്റെ പോസ്റ്റ് വൈറൽ
കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന സൂപ്പർ താരമാണ് മലയാളത്തിന്റെ അഭിമാനമായ മെഗാസ്റ്റാർ മമ്മൂക്ക . ഇന്ത്യയിലെ തന്നെ മികച്ച താരങ്ങളിൽ ഒരാൾ . 2019-ൽ ഇടിവെട്ടും അടപടലം ചിത്രങ്ങലുമായാണ് മമ്മൂക്ക പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. 4 ചിത്രങ്ങളാണ് മമ്മൂക്കയുടേതെന്ന് പറഞ്ഞു ഇതുവരെ ഇറങ്ങിയിരിക്കുന്നത് . എല്ലാം ഒന്നിനൊന്ന് മെച്ചം . ഇടിവെട്ടും ഐറ്റംസ് . ഇപ്പോൾ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രമാണ് ഉണ്ട . മമ്മൂക്കയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മുന്നേറുകയാണ് ചിത്രം. പതിവ് ചിത്രങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നൊരു സിനിമാനുഭവാണ് ഉണ്ട സമ്മാനിക്കുന്നത്.
സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠനും സംഘവും ഉഷാറാക്കി എന്നു തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നത്. പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും മമ്മൂട്ടി ചിത്രത്തിന് സാധിച്ചു . ഇതായിപ്പോൾ ഉണ്ടയെയും അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ച് സംവിധായകന് എംഎ നിഷാദ് രംഗത്തെത്തിയിരിക്കുകയാണ് . ഫേസ്ബുക്കിലൂടെയാണ് നിഷാദ് പ്രതികരിച്ചിരിക്കുന്നത് . ഇത് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് .
ഉണ്ട”
അതൊരു തിരിച്ചറിവാണ്. അങ്ങനെ പറയാനാണിഷ്ടം. അതൊരു തിരിച്ച് പോക്കുമാണ്. മലയാള സിനിമയുടെ വസന്തകാലത്തേക്കുളള തിരിച്ച് പോക്ക്. മഹാനായ ലെനിന് പറഞ്ഞത് പോലെ സിനിമ ഈ നൂറ്റാണ്ടിന്റെയും,അടുത്ത നൂറ്റാണ്ടിന്റ്റേയും കലയാണ്. സിനിമ ആസ്വദിക്കുന്നവരുമുണ്ട്.ആഘോഷിക്കുന്നവരുമുണ്ട്. രണ്ട് വിഭാഗങ്ങളും ഇവിടെ വേണം. പക്ഷെ സിനിമ എന്ന കല പ്രേക്ഷകരുമായീ കൂടുതല്‍ സംവദിക്കണം എന്നാണ് എന്റെ അഭിപ്രായം. അതിലൂടെ ആസ്വാദനത്തിന്റ്റെ നവ തലങ്ങളിലും, പുതിയ പുതിയ അനുഭൂതികളിലും പ്രേക്ഷക മനസ്സ് സഞ്ചരിക്കും. അത്തരം ഒരു കാലം നമ്മുടെ കൊച്ച് കേരളത്തിലുണ്ടായിരുന്നു. എഴുപതുകളിലെ ഒടുക്കത്തിലും എണ്‍പതുകളുടെ തുടക്കത്തിലും. പ്രതിഭാധനരായ സംവിധായകര്‍, നിശ്ചയദാര്‍ഡ്യമുളള നിര്‍മ്മാതാക്കള്‍, സമൂഹത്തോട് പ്രതിബദ്ധതയുളള കഥാകൃത്തുകള്‍. അതിനെല്ലാമുപരി കലാബോധമുളള പ്രേക്ഷകര്‍.
ആ ഒരു കൂട്ടായ്മ അതാണ് മലയാള സിനിമയെ മറ്റുളളവരില്‍ നിന്നും വ്യത്യസ്തമാക്കിയത്. ഇതര ഭാഷാ ചിത്രങ്ങള്‍ മലയാള സിനിമയേ പാഠ പുസ്തകമായി കണ്ട നാളുകളായിരുന്നു അത്. ആ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ രണ്ട് നടന്മാര് (താരങ്ങളല്ല) മമ്മൂട്ടിയും,മോഹന്‍ലാലും പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിച്ച്,ഇന്‍ഡ്യയിലെ തന്നെ എണ്ണം പറഞ്ഞ മികച്ച നടന്മാരായി. അതിനവര്‍ക്ക് തുണയായത് അവര്‍ അവതരിപ്പിച്ച റിയലിസ്റ്റിക്ക് സിനിമയിലെ കഥാപാത്രങ്ങളാണ്. ഉണ്ടയെ പറ്റി പറയുമ്പോള്‍ എന്തിന് ഇതൊക്കെ സൂചിപ്പിക്കണം എന്ന് ചിന്തിക്കുന്നവരുണ്ടാകും. ഒരു കാര്യം പറയട്ടെ ഇതൊരു റിവ്യൂ അല്ല. ഉണ്ട എന്ന സിനിമ കണ്ട ശേഷമുളള ചില ചിന്തകള്‍ കുറിക്കുന്നു എന്ന് മാത്രം.
ഉണ്ട ഒരു അനുഭവമാണ്. നമ്മുടെ ചുറ്റും സംഭവിക്കുന്ന, നമ്മുക്ക് ഒട്ടും പരിചിതമല്ലാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ച്ച. ഖാലിദ് റഹ്മാന് അഭിമാനിക്കാം. ഒരു നല്ല സിനിമ സംവിധാനം ചെയ്തതിലുപരി,നമ്മുടെ നാട്,സ്വര്‍ഗ്ഗ തുല്ല്യമാണെന്ന് ഓരോ പ്രേക്ഷകനേയും ഓര്മ്മപ്പെടുത്തിയതില്. അവിടെ നിങ്ങള്‍ വിജയിച്ചിരിക്കുന്നു. ആദ്യ ചിത്രമായ അനുരാഗ കരിക്കിന് വെളളം എന്ന ചിത്രത്തിലുടെ റിയലിസ്റ്റിക് സംസ്കാരം സിനിമയില്‍ കൊണ്ട് വന്ന് തെളിയിച്ച താന്കള് മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തേ വെച്ച് രണ്ടാമത്തെ ചിത്രം ചെയ്തപ്പോള്‍,എസ് ഐ മണികണ്ഠനേയും കൊണ്ടാണ് ഛത്തിസ്ഗഡിലേക്ക് നിങ്ങള്‍ വണ്ടി കേറിയത്. ഞങ്ങള്‍ പ്രേക്ഷകരേ ഞങ്ങള്‍ക്ക് ഒട്ടും പരിചിതമല്ലാത്ത ഭൂമികയിലേക്ക് നിങ്ങള്‍ ,മണികണ്ഠന്റ്റേയും അയാളുടെ ട്രൂപ്പിലെ പിളളേരുടേയും കൂടെ കൂട്ടി കൊണ്ട് പോയി…
ഏതൊരു സാഹചര്യത്തേയും സാമാന്യബുദ്ധി കൊണ്ട് നേരിടാന്‍ കഴിവുളള കേരള പോലീസിനെ അതിഭാവുകത്വമില്ലാതെ, അവതരിപ്പിക്കാന്‍ എസ് ഐ മണികണ്ഠനും കൂട്ടര്‍ക്കും കഴിഞ്ഞു എന്നുളളതാണ് ഈ സിനിമയുടെ വിജയം. എസ് ഐ മണികണ്ഠനെയാണ് ഞാനീ സിനിമയില്‍ കണ്ടത് മമ്മൂട്ടിയെ അല്ല. ഈ ചിത്രം പറഞ്ഞ അല്ലെന്കില് ചര്‍ച്ചചെയ്ത രാഷ്ട്രീയം ,ജാതീയത,അതൊക്കെ വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തം. ചിത്രത്തില്‍ ആ മണ്ണിന്റെ ഉടമയായ ആദിവാസിയെ അവതരിപ്പിച്ച നടന്. അയാളുടെ നിസ്സഹായവസ്ഥ. നെഞ്ചിലിപ്പോഴും ഒരു വേദനയായി അവശേഷിക്കുന്നു. സൂപ്പര്‍ താരങ്ങളുടെ ആരാധകരോട് ഒരപേക്ഷ. ഇത്തരം,സിനിമകളാണ് നിങ്ങള്‍ ആഘോഷിക്കേണ്ടത്.ഈ സിനിമകള്‍ പ്രദര്ശിപ്പിക്കുനന്ന തീയറ്ററുകളാണ് നിങ്ങള്‍ ഉത്സവ പറമ്പുകളാക്കേണ്ടത്.
നൂറ് കിന്റ്റല്‍ തളളുകളും,ജട്ടി മാഹാത്മ്യവും കണ്ട് കൈയ്യടിക്കുന്നതിനേക്കാളും,പാലഭിക്ഷേകം നടത്തി കാഹളം മുഴക്കുന്നതിനേക്കാളും എത്രയോ അഭികാമ്യമാണ്,നല്ല സിനിമകളേ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. മോഹന്‍ ലാലും മമ്മൂട്ടിയും സൂപ്പര്‍ നടന്മാരാണ്. അവരുടെ ഫാന്‍സ് ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. പക്ഷെ,മലയാള സിനിമ മാറുകയാണ്. ആ മാറ്റത്തില്‍ മുഖ്യ പങ്ക് വഹിക്കാനുളളത് നിങ്ങള്‍ ആരാധകര്‍ക്കാണ്. ഉണ്ട,തമാശ,വൈറസ്,ഇഷ്ക് അതെ നല്ല സിനിമയുടെ വസന്ത കാലത്തേക്ക് നമ്മുക്ക് തിരിച്ച് പോകാം. ഉണ്ട വേറിട്ടൊരു ദൃശ്യാവതരണം തന്നെ. എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
unda-movie-post gone viral
