Actor
ഇനി ട്രക്കിയോസ്റ്റമി! 14 ദിവസത്തേക്ക് ആശുപത്രി വാസം.. വിജയകാന്തിന്റെ നില ഗുരുതരം
ഇനി ട്രക്കിയോസ്റ്റമി! 14 ദിവസത്തേക്ക് ആശുപത്രി വാസം.. വിജയകാന്തിന്റെ നില ഗുരുതരം
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രശസ്ത തമിഴ് നടനും ഡി എം ഡി കെ നേതാവുമായ വിജയകാന്തിനെ ചെന്നൈയിലെ എം ഐ ഒ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആശുപത്രി വാസം 14 ദിവസത്തേക്ക് കൂടി നീട്ടിയതായാണ് പുറത്ത് വന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമല്ല എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ താരത്തിന് ഡോക്ടര്‍മാര്‍ ട്രക്കിയോസ്റ്റമി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൃത്രിമ വെന്റിലേഷന്‍ ഉപയോഗിച്ച് സ്ഥിരമായ ശ്വാസകോശ ശ്വസനം നിലനിര്‍ത്താനാണ് ട്രക്കിയോസ്റ്റമി ചെയ്യുന്നത്. ശ്വാസകോശത്തിലെ വീക്കം മൂലം വിജയകാന്തിന് ചെറിയ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയകാന്ത് അനാരോഗ്യം നേരിടുന്നുണ്ട്. കടുത്ത ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 20 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2015 ല്‍ പുറത്തിറങ്ങിയ ‘സഗപ്തം’ എന്ന തമിഴ് ചിത്രത്തിന് ശേഷം അദ്ദേഹം സിനിമയില്‍ അഭിനയിച്ചിട്ടില്ല. 2016 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉലുന്ദൂര്‍പേട്ട് മണ്ഡലത്തില്‍ മത്സരിച്ച വിജയകാന്ത് പരാജയപ്പെട്ടിരുന്നു. ഡി എം ഡി കെയുടെ സ്ഥാപക നേതാവായ വിജയകാന്ത് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന വിജയകാന്ത് അനാരോഗ്യത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ല വിജയകാന്ത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിലും താരം ഡി എം ഡി കെയ്ക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് ഡി എം ഡി കെയ്ക്ക് നേതൃത്വം നല്‍കുന്നത്. വിജയകാന്തിന്റെ മകനും ബിസിനസുകാരനുമായ വിജയ പ്രഭാകരന്‍ ഇപ്പോള്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള നീക്കത്തിലാണ്.