Connect with us

അവര്‍ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന പോലെ നമ്മളും അവരുടെ കൂടെ ഉണ്ട് എന്ന് പറയേണ്ടത് നമ്മുടെ കടമയാണ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പറഞ്ഞ് അനു കെ അനിയന്‍

Malayalam

അവര്‍ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന പോലെ നമ്മളും അവരുടെ കൂടെ ഉണ്ട് എന്ന് പറയേണ്ടത് നമ്മുടെ കടമയാണ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പറഞ്ഞ് അനു കെ അനിയന്‍

അവര്‍ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന പോലെ നമ്മളും അവരുടെ കൂടെ ഉണ്ട് എന്ന് പറയേണ്ടത് നമ്മുടെ കടമയാണ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പറഞ്ഞ് അനു കെ അനിയന്‍

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച വെബ് സീരീസാണ് കരിക്ക്. അനു കെ അനിയന്‍ എന്ന പേരിനേക്കാള്‍ കരിക്കിലെ ജോര്‍ജ് എന്നു പറഞ്ഞാലാകും പ്രേക്ഷകര്‍ കൂടുതലും അറിയുന്നത്. ഇപ്പോഴിതാ കൊവിഡ് രണ്ടാം തരംഗത്തിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകയായ തന്റെ അമ്മയെക്കുറിച്ച് പറയുകയാണ് താരം. 

അനു കെ അനിയന്റെ ഫേസ്ബുക്ക് കുറിപ്പ്

എന്റെ അമ്മ ഒരു ആരോഗ്യപ്രവര്‍ത്തകയാണ്. ഒരു ആരോഗ്യപ്രവര്‍ത്തകയുടെ മകനാണ് ഞാന്‍ എന്ന് പറയുമ്പോള്‍ തന്നെ ഒരുപാട് സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്. ശരിയാണ് നമ്മളെല്ലാവരും വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെ ആണ് ഈ കൊവിഡ് കാലഘട്ടത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ എത്രയോ ഇരട്ടി മാനസികസംഘര്‍ഷങ്ങളും ഭീതിയും ഒക്കെ ഉള്ളിലൊതുക്കി, സ്വന്തം ജീവന്‍ പോലും പണയം വച്ചുകൊണ്ട് ഡോക്ടര്‍മാരും നഴ്‌സുമാരും അതുപോലുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകരും നമുക്കുവേണ്ടി ഇപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. 

നമ്മുടെ സൂപ്പര്‍ ഹീറോസ്, മാലാഖമാര്‍ എന്ന് ബഹുമതികള്‍ ഒക്കെ കൊടുത്ത പോസ്റ്റുകളിലൂടെയും സ്റ്റാറ്റസുകളിലൂടെയും  ഒക്കെ അവരെ വാഴ്ത്തപ്പെടുമ്പോള്‍, ഒരു ചെറുപുഞ്ചിരിയോടെ അവര്‍ മനസ്സില്‍ പറയുന്നുണ്ടാവും. ‘യാതൊരു സൂപ്പര്‍പവറുകളോ , അമാനുഷികതയോ മാജിക്കോ ഒന്നുമില്ലാത്ത വെറും സാധാരണ മനുഷ്യര്‍ തന്നെയാണ് ഞങ്ങളും. അറിയുന്ന ജോലി ലഭ്യമായ ചികിത്സസംവിധാനങ്ങളുടെ ഒക്കെ സഹായത്തോടുകൂടി ആത്മാര്‍ത്ഥമായി ചെയ്യുന്നു എന്ന് മാത്രം..’എന്നാലിപ്പോള്‍  കേട്ടുകൊണ്ടിരിക്കുന്ന കുറച്ച് വാര്‍ത്തകള്‍ വളരെയധികം വിഷമം തോന്നിപ്പിക്കുന്നു. 

പലയിടങ്ങളിലും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ  അക്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഓക്‌സിജന്റെ ലഭ്യതക്കുറവിനെച്ചൊല്ലിയും കൊവിഡ് മൂലം ഉറ്റവരുടെ മരണത്തില്‍ ഉണ്ടാകുന്ന രോഷത്തിലും ആളുകള്‍ ആരോഗ്യപ്രവര്‍ത്തകരെ മൃഗീയമായി തല്ലി ചതയ്ക്കുന്നു.. മനുഷ്യരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി അഹോരാത്രം  പ്രവര്‍ത്തിക്കുന്നവരുടെ ജീവന്  ഒരു വിലയും  സുരക്ഷയും ഇല്ലാത്ത സ്ഥിതി. ഒരു ഹോസ്പിറ്റലില്‍ മതിയായ ഓക്‌സിജന്‍ ലഭ്യതയോ വെന്റിലേറ്റര്‍ സംവിധാനങ്ങളോ ഇല്ലായെങ്കില്‍ അത്യാസന്ന നിലയില്‍ കൊണ്ടുവരുന്ന ഒരു രോഗിയുടെ ജീവന്‍  നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നു വരില്ല.. 

അതിന്റെ ഉത്തരവാദിത്തം ഒരിക്കലും ആരോഗ്യപ്രവര്‍ത്തകര്‍ക്കല്ല, വേണ്ടത്ര ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാത്ത ബന്ധപ്പെട്ട അധികാരികള്‍ക്കാണ്. അതില്‍ ഏറ്റവും വലിയ ഉത്തരവാദി നമ്മള്‍ തന്നെയാണ്. കാരണം നമ്മുടെ അശ്രദ്ധ കൊണ്ടു തന്നെയാണ് ഈ അസുഖം നമ്മളിലേക്കും നമ്മുടെ ഉറ്റവരിലേക്കും ഒക്കെ എത്തിയത്.  ഈ രോഗം ഇത്രയും വലുതായി വ്യാപിച്ചതും ആ അശ്രദ്ധ കൊണ്ടു തന്നെയാണ്. ഓരോ ദിവസത്തെയും കൊവിഡ് രോഗികളുടെ കണക്കുകളിലും നല്ലൊരു ശതമാനം ആരോഗ്യപ്രവര്‍ത്തകരും ഉണ്ട് എന്ന് നമ്മള്‍ ഓര്‍ത്താല്‍  നല്ലത്. അവരും മനുഷ്യരാണ്.. 

അവര്‍ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന പോലെ നമ്മളും അവരുടെ കൂടെ ഉണ്ട് എന്ന് പറയേണ്ടത് നമ്മുടെ കടമയാണ്.  അവര്‍ക്ക് നേരെയുള്ള ഇത്തരം അക്രമങ്ങള്‍ ഉണ്ടാകാന്‍ ഒരിക്കലും ഇടയാക്കരുത്. ‘അവരുടെ സംരക്ഷണവും സുരക്ഷിതത്വവും നമ്മളുടെകൂടെ ആവശ്യകതയാണ്.. ആരോഗ്യപ്രവര്‍ത്തകരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിനും അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും വേണ്ട കര്‍മ്മ പദ്ധതികള്‍ വളരെ അനിവാര്യമാണ്…’ കര്‍ഷകര്‍ക്കും ലക്ഷദ്വീപിനും ഒക്കെ ഒപ്പം നിന്ന നമ്മള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒപ്പം ഉണ്ടാവണം…

More in Malayalam

Trending

Recent

To Top